കൃത്രിമ മധുരപദാർത്ഥങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ലെന്ന് WHO

By: 600110 On: May 15, 2023, 6:12 PM

 

 

ശരീരഭാരം കുറയ്ക്കാനും പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കൃത്രിമ മധുരം ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് ലോകാരോഗ്യ സംഘടന (WHO). ഭക്ഷണത്തിലും പാനീയങ്ങളിലും ഉപയോഗിക്കുന്ന കൃത്രിമ മധുര പദാർത്ഥങ്ങളായ സുക്രലോസ്, അസ്പാർട്ടേം എന്നിവ ദീർഘകാല കണക്കിൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകരമല്ലെന്നാണ് റിപ്പോർട്ട്. ഈ മധുരപലഹാരങ്ങളുടെ സ്ഥിരമായ ഉപയോഗം മുതിർന്നവരിൽ ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മരണനിരക്ക് എന്നിവ വർദ്ധിപ്പിക്കും. പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ പഴങ്ങളിൽ നിന്നു സ്വാഭാവികമായി ലഭിക്കുന്ന പഞ്ചസാരയോ മധുരമില്ലാത്ത ഭക്ഷണ പാനീയങ്ങളോ തിരഞ്ഞെടുക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. ഈ നിർദ്ദേശം പ്രമേഹ രോഗികൾ ഒഴികെ എല്ലാവർക്കും ബാധകമാണ്. കൂടാതെ മൊത്തം ഊർജ്ജ ഉപഭോഗത്തിന്റെ 10% ൽ താഴെയായി പഞ്ചസാര പരിമിതപ്പെടുത്തുവാനും ശ്രമിക്കേണ്ടതാണ്.

അസ്പാർട്ടേം, അസെസൾഫേം K തുടങ്ങിയ കൃത്രിമ മധുരപദാർത്ഥങ്ങൾ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. WHO യുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ പഞ്ചസാര അടങ്ങിയ മദ്യത്തെ കുറിച്ചും കുറഞ്ഞ കലോറി പഞ്ചസാരകളെ സംബന്ധിച്ചും പറയുന്നില്ല. കൂടാതെ മധുരപദാർത്ഥങ്ങൾ അടങ്ങിയ വൈയക്തിക പരിചരണ ഉൽപ്പന്നങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കലോറി കൺട്രോൾ കൗൺസിൽ ഇതിനെ വിമർശിച്ചു രംഗത്തുവന്നു. പ്രമേഹ രോഗികളുടെ ഭക്ഷണ ആവശ്യകതകൾ പാലിക്കാൻ സഹായിക്കുന്നതിൽ കൃത്രിമ മധുര പദാർത്ഥങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.