ഡാളസ് വെടിവെപ്പിൽ 39കാരി കൊല്ലപ്പെട്ടു, 3 പേർക്ക് ഗുരുതരപരിക്ക്‌

By: 600084 On: May 15, 2023, 4:40 AM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് - ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഡാളസിൽ ഉണ്ടായ വെടിവെപ്പിൽ നിരപരാധിയായ  39കാരി കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ഡാളസ് പോലീസ് അറിയിച്ചു. വൈകിട്ട് നാലുമണിക്ക് ശേഷമാണ് വെടിവെപ്പ് നടന്നത്.

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പ്ലസന്റ് ഗ്രോവ് ഏരിയയിലെ ബ്രൂട്ടൺ റോഡിലും മാസ്റ്റേഴ്സ് ഡ്രൈവിലുമുള്ള ഒരു ഷോപ്പിംഗ് സെന്ററിൽ വെടിയേറ്റ ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയും കണ്ടെത്തി. നാല് പേരെയും ഉടനെ  പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയി, പരിക്കേറ്റ് യുവതി അന മൊറേനോ(39) പിന്നീട് മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

ബ്രൂട്ടൺ റോഡിൽ കിഴക്കോട്ട് പോകുന്നതിനിടെ രണ്ട് വാഹനങ്ങൾ പരസ്പരം വെ ടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുള്ളറ്റുകളിലൊന്ന് മൊറേനോയുടെ വാഹനത്തിൽ തുളച്ചു കയറിയാണ് മരണം സംഭവിച്ചത്.

പരിപാടിക്ക് തയ്യാറെടുക്കാൻ മകളെ കാറോടിച്ച് പോകുമ്പോൾ വഴിതെറ്റിയ ബുള്ളറ്റ് ഇടിക്കുകയായിരുന്നുവെന്ന് മൊറേനോയുടെ കുടുംബം പറയുന്നു പ്രതികളാരും ഇപ്പോൾ കസ്റ്റഡിയിലില്ലെന്നും വെടിവയ്പിനെക്കുറിച്ച്  അന്വേഷിക്കുന്നതായും ഡാലസ് പോലീസ് പറഞ്ഞു.