ക്യുബെക്കിൽ പക്ഷിപ്പനി പടരുന്നു, പക്ഷിമരണം ഒരു മില്ല്യൺ കവിഞ്ഞു

By: 600110 On: May 14, 2023, 5:45 PM

 

 

ആശങ്ക ഉയർത്തിക്കൊണ്ട് ക്യുബെക്കിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നു. ഒരു മില്ല്യണിലേറെ പക്ഷികളാണ് ഒരു വർഷത്തിനിടെ മരണപ്പെട്ടത്. ഇതിൽ ദയാവധവും ഉൾപ്പെടുന്നു. ഒരു സ്ഥാപനത്തിലേയ്ക്കോ വീട്ടിലേയ്ക്കോ പ്രവേശിക്കുമ്പോൾ ബൂട്ടും വസ്ത്രവും മാറ്റുക, മൊബൈൽ ഷെൽട്ടറുകൾ ഉപയോഗിക്കുക, ബയോസെക്യൂരിറ്റി നിബന്ധനകൾ പാലിക്കുക തുടങ്ങി നിരവധി കരുതൽ നടപടികളാണ് വൈറസ് പകരാതിരിക്കുവാൻ കൈക്കൊണ്ടിരിക്കുന്നത്. കാനഡയിൽ ക്യുബെക്കിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 945,000 പക്ഷികളെ ഇതിനോടകം ദയാവധത്തിന് ഇരയാക്കി. മോൺടെറഷി മേഖലയിലും മറ്റും ഫാമുകൾ അടുത്തടുത്തായി പ്രവർത്തിച്ചുവരുന്നത് വൈറസ് പടരുന്നതിന് ആക്കം കൂട്ടി. താറാവുകളുടെ ഫാമിലാണ് ഇത് വേഗത്തിൽ സംഭവിച്ചത്.

അതിവേഗത്തിലുള്ള രോഗവ്യാപനം മൂലം ദയാവധത്തിനിരയായ പക്ഷികളെ സംസ്കരിക്കുന്നതും, അതിന് ആവശ്യമായ കാർബൺ ഡയോക്സൈഡിന്റെ ലഭ്യതക്കുറവും, ദയാവധത്തോടുള്ള സമൂഹത്തിന്റെ മനോഭാവവുമെല്ലാം അധികാരികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനും ഇത് കാരണമായേക്കാം. ഇപ്പോഴത്തെ വൈറസ് മനുഷ്യന് ആരോഗ്യപരമായി കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ലെങ്കിലും ഭാവിയിൽ വൈറസിന് പരിവർത്തനം സംഭവിക്കുമോ എന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.