പ്രവിശ്യയിൽ അസാധാരണമാം വിധം ചൂട് വർദ്ധിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എൻവയൺമെന്റ് കാനഡ. ജൂലൈ അന്ത്യപാദത്തിൽ ഉണ്ടാകാറുള്ളതിനു സമാനമായ രീതിയിൽ ചൂട് അനുഭവപ്പെടും എന്നാണ് നിഗമനം. ഇത് പ്രായമായവർക്കും, ഗർഭിണികൾക്കും, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാനിടയുണ്ട്. നിത്യേനയുള്ള ചൂടിന്റെ നിലയെ ഭേദിച്ച് അടുത്തയാഴ്ച്ചയുടെ ആദ്യ പകുതിയോളം ചൂടേറിയ കാലാവസ്ഥയ്ക്കാണ് സാധ്യത. ഇത് 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തും എന്നാണ് വിലയിരുത്തൽ. രാത്രിയിൽ ഇത് 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
എയർ കണ്ടീഷനിംഗ് ഇല്ലാത്ത വീടുകളിൽ കഴിയുന്നവർ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണമെന്ന് ഫ്രേസർ ഹെൽത്ത് പറയുന്നു. ചൂട് കൂടുന്നതിന്റെ പരിണിതഫലമായി മഞ്ഞ് ഉരുകുമ്പോൾ ബ്രിട്ടിഷ് കൊളംബിയയുടെ ഉൾപ്രദേശങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഏറെയാണ്. പുഴയുടെ തീരങ്ങളിലും മറ്റും ശ്രദ്ധ പാലിക്കണം എന്ന് അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.