കാൽഗരിയിൽ വെസ്റ്റ്ജെറ്റ് പൈലറ്റുമാർ സമരത്തിലേയ്ക്ക്, നയതന്ത്ര ചർച്ചകൾ തുടരുന്നു

By: 600110 On: May 13, 2023, 6:20 PM

 

 

യാത്രക്കാരുടെ പദ്ധതികൾക്കു മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് വെസ്റ്റ്ജെറ്റ് പൈലറ്റുമാർ സമരത്തിലേയ്ക്ക് നീങ്ങുന്നു. വെസ്റ്റ്ജെറ്റിലെ പൈലറ്റുമാരുടേയും അനുബന്ധ സംരംഭമായ സ്വൂപ് പൈലറ്റുമാരുടേയും സംയുക്ത സംഘടനയായ എയർലൈൻ പൈലറ്റ്സ് അസ്സോസിയേഷൻ (ALPA) 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകാൻ തയ്യാറായി നിൽക്കുകയാണ്. ഉദ്യോഗ സുരക്ഷിതത്വം, വേതനം, ജോലിയുടെ സമയക്രമം എന്നീ വിഷയങ്ങളിൽ അനുകൂലമായ മാറ്റം ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ചെയ്യാൻ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷ കാലത്തിൽ നിരവധി പൈലറ്റുമാരാണ് സ്ഥാപനം ഉപേക്ഷിച്ചു പോയത്. എന്നാൽ ജോലി ഉപേക്ഷിച്ചവരുടെ എണ്ണത്തേക്കാൾ മൂന്നിരട്ടി ആളുകളെ കമ്പനിയിലേയ്ക്ക് പുതിയതായി തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

ഉദ്യോഗസ്ഥരുടെ സംഘടന ആവശ്യപ്പെടുന്ന വേതന വർദ്ധനവ് നടപ്പിലാക്കിയാൽ മിതമായ നിരക്കിലുള്ള സേവനം തുടരാനാവില്ല എന്നും, അത് തങ്ങളുടെ എതിരാളികളായ മറ്റ് വിമാനകമ്പനികൾക്കു മുന്നിൽ പരാജയപ്പെടുവാൻ കാരണമാകും എന്നുമാണ് കമ്പനിയുടെ വിലയിരുത്തൽ. ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുന്ന ഏവിയേഷൻ മേഖലയിൽ ഡെൽറ്റ എയർലൈൻസ്, എയർ കാനഡ പൈലറ്റ്സ് അസ്സോസിയേഷൻ തുടങ്ങിയ സംഘടനകൾ തങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്.