സംസ്ഥാനത്ത് ബോട്ടുകളിൽ യാത്ര ചെയ്യുന്നതിന് കർശന മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. ഒരിടത്തും ബോട്ടുകളിൽ അനുവാദം ഉള്ളതിൽ കൂടുതൽ ആളുകളെ കയറ്റരുതെന്ന് കോടതി നിർദ്ദേശിച്ചു. ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെ വേണ്ടത്ര ജീവൻ രക്ഷ ഉപകരണങ്ങൾ ഉറപ്പാക്കണമെന്നും ഇവ ധരിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഓവർ ലോഡിങ്ങിന്റെയും ജീവനക്കാരുടെ അനാസ്ഥയുടെയും പേരിൽ ഇനി ഒരു ബോട്ട് ദുരന്തവും ഉണ്ടാവാൻ അനുവദിക്കരുത് എന്നാണ് കോടതിയുടെ നിരീക്ഷണം. മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ട് ദുരന്തത്തിന്റെ കാരണങ്ങളിൽ ഒന്ന് ഓവർലോഡിങ് ആണെന്ന മലപ്പുറം കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.