രാജ്യത്ത് പോഷ് നിയമം കർശനമായി നടപ്പാക്കാൻ സുപ്രീം കോടതി ഉത്തരവ്

By: 600021 On: May 13, 2023, 4:18 PM

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമമായ പോഷ് ആക്ട് കർശനമായി പാലിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതിയുടെ നിർദ്ദേശം. നിയമം നിലവിൽ വന്നിട്ട് 10 വർഷമായിട്ടും വ്യവസ്ഥകൾ മോശമായി നടപ്പാക്കുന്നു എന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ഇക്കാര്യത്തിൽ സർക്കാർ മന്ത്രാലയങ്ങളിൽ തുടങ്ങി സ്വകാര്യ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വരെ പരിശോധനയ്ക്ക് നിർദ്ദേശിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ ആഭ്യന്തര പരാതി സമിതി രൂപീകരിക്കാനും നിയമ വ്യവസ്ഥകളെക്കുറിച്ച് അവബോധ പരിപാടികൾ സംഘടിപ്പിക്കാനും സുപ്രീംകോടതി നിർദേശിച്ചു. കമ്മീഷനുകൾ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ ഉൾപ്പെടെ നിയമം നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു. ജഡ്ജിമാരായ ഹിമ കോഹ്ലി, ബേല എം ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. 2013ൽ കൊണ്ടുവന്ന നിയമത്തിന്റെ പത്താം വർഷം ആഘോഷിക്കുമ്പോൾ ഇത് എത്രമാത്രം ഫലപ്രദമായി എന്ന പുനരാലോചന ആവശ്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് എ എസ് ബോപ്പണ്ണ കൂടി ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.