ഏകോപിതമായി നിക്ഷേപ പ്രോത്സാഹനവും വിവരകൈമാറ്റവും നടപ്പാക്കുന്നതിനായി പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും കാനഡയും തമ്മില്‍ ധാരണയായി. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഈ വര്‍ഷം അവസാനത്തോടെ ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്ന് കനേഡിയന്‍ അന്താരാഷ്ട്ര വാണിജ്യ മന്ത്രി മേരി എന്‍ജി അറിയിച്ചു. വ്യാപാര നിക്ഷേപം സംബന്ധിച്ച ആറാമത് ഇന്ത്യ-കാനഡ മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഹകരണം സംബന്ധിച്ച് അന്തിമ ധാരണയായത്. തിങ്കളാഴ്ച ഓട്ടവയിലായിരുന്നു മന്ത്രിതല ചര്‍ച്ച. കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും കനേഡിയന്‍ വാണിജ്യമന്ത്രി മേരി എന്‍ജിയുമാണ് ഇരു രാഷ്ട്രങ്ങളെയും പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ചുകൊണ്ട് നടത്തുന്ന കനേഡിയന്‍ വ്യാപാര ദൗത്യത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന് എന്‍ജി പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇത് അവസരമൊരുക്കും.