ആല്‍ബെര്‍ട്ട കാട്ടുതീ: ഗ്രാൻഡ് പ്രെയറിയിലെ ജനങ്ങളെ ഒഴിപ്പിക്കേണ്ടി വന്നേക്കും; തയാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദ്ദേശം  

By: 600002 On: May 13, 2023, 7:25 AM

 

ആല്‍ബെര്‍ട്ടയിലുടനീളം വ്യാപിക്കുന്ന കാട്ടുതീയെ തുടര്‍ന്ന് 29,000 ത്തോളം പേരെ നിലവില്‍ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കാട്ടുതീ പടരുന്ന മേഖലകളില്‍ മഴ പെയ്യുന്നുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാകാന്‍ ഇത് പോരാ. നേരിയ മഴ പ്രവചിക്കുന്നുണ്ടെങ്കിലും ഗ്രാൻഡ് പ്രെയറിയിലുള്‍പ്പെടെ കനത്ത ചൂട് അനുഭവപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ കാട്ടുതീ വളരെ വേഗം വ്യാപിക്കുകയാണ്. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ഗ്രാന്‍ഡെ പ്രെയറിയിലുള്ള ജനങ്ങള്‍ വീട് വിട്ട് പോകേണ്ടി വരുമെന്നാണ് കരുതുന്നത്. മേഖലയില്‍ നിന്നും ഒഴിയാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ് ജനങ്ങള്‍. 

കഴിഞ്ഞയാഴ്ച മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. അന്ന് മുതല്‍ ഗ്യാസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

കുട്ടികള്‍, പ്രായമായവര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ മാറ്റിത്താമസിക്കേണ്ടി വന്നാലുള്ള തയാറെടുപ്പുകള്‍ നടത്താന്‍ കുടുംബങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രദേശം വിട്ടുപോകണമെങ്കില്‍ നേരത്തെ തയാറെടുപ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. മാത്രവുമല്ല, വീട് വിട്ടുപോകുന്നവര്‍ അത്യാവശ്യ സാധനങ്ങള്‍ കയ്യില്‍ കരുതാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ആല്‍ബെര്‍ട്ട കാട്ടുതീയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ആല്‍ബെര്‍ട്ട എമര്‍ജന്‍സി അലേര്‍ട്ട്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.