റിക്രൂട്ട്‌മെന്റ് റോഡ്‌ഷോയിലൂടെ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഒസി ട്രാന്‍സ്‌പോ 

By: 600002 On: May 13, 2023, 6:49 AM

 

ഈ വര്‍ഷം നൂറുകണക്കിന് ജോലിക്കാരെ നിയമിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മള്‍ട്ടി-ഡേ റിക്രൂട്ട്‌മെന്റ് റോഡ്‌ഷോയും ജോബ് ഫെയറും സംഘടിപ്പിക്കാന്‍ പദ്ധതിയുമായി ഒസി ട്രാന്‍സ്‌പോ(Ottawa-Carleton Regional Transit Commission). റിക്രൂട്ട്‌മെന്റിനായി മെയ് 24 മുതല്‍ 26 വരെ നിരവധി ട്രാന്‍സിറ്റ് സ്റ്റേഷനുകളില്‍ ബുത്തുകള്‍ സജ്ജീകരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്കായി നിലവിലെ തസ്തികകളെക്കുറിച്ചും എങ്ങനെ അപേക്ഷിക്കണം എന്നതിനെക്കുറിച്ചും വിശദീകരിക്കും. കൂടാതെ മെയ് 27ന് രാവിലെ 9 മണിക്കും 3 മണിക്കും ഇടയില്‍ ഗ്രീന്‍ബോറോ സ്‌റ്റേഷനില്‍ ജോബ് ഫെയറും സംഘടിപ്പിക്കും. 

ഈ വര്‍ഷം ഇതുവരെ 150 ഓളം ട്രാന്‍സിറ്റ് ഓപ്പറേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. മൊത്തം 360 പേരെ നിയമിക്കാനുള്ള ലക്ഷ്യത്തിലാണ് ട്രാന്‍സിറ്റ് കമ്മീഷന്‍. സമീപകാലങ്ങളിലായി ഒസി ട്രാന്‍സ്‌പോയില്‍ ഡ്രൈവര്‍മാരുടെ കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്.