വിമർശനം നേരിട്ടതിനെ തുടർന്ന് നഴ്സ് ലൈസൻസ് പരീക്ഷയിൽ മാറ്റം വരുത്താൻ OIIQ

By: 600110 On: May 12, 2023, 4:45 PM

 

 

2022 ൽ പരാജിതരുടെ തോത് ഗണ്യമായി വർദ്ധിച്ചതുമൂലം വിമർശിക്കപ്പെട്ട നേഴ്സുമാരുടെ ലൈസൻസ് പരീക്ഷയിൽ സമഗ്രമായ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ഓർഡർ ഓഫ് ക്യുബെക് നേഴ്സസ് (OIIQ). പരീക്ഷയുടെ നടത്തിപ്പിലും വിശ്വാസ്യതയിലും അന്വേഷണ വിഭാഗം കമ്മീഷണർ ആന്ദ്രേ ഗര്യേപി സംശയം പ്രകടിപ്പിച്ചു. കോവിഡ്-19 നെ തുടർന്ന് ആവശ്യമായ പരിശീലനം ലഭ്യമാകാഞ്ഞതാണ് ഉയർന്ന പരാജയ നിരക്കിനു കാരണം എന്നാണ് OIIQ പ്രാരംഭ ഘട്ടത്തിൽ വാദിച്ചിരുന്നത്. പുതിയ ഒരു വിജയ ശതമാനം നിശ്ചയിച്ച് 500 പേരെ കൂടി തിരഞ്ഞെടുക്കണം എന്നാണ് കമ്മീഷണർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പരീക്ഷയുടെ മൂല്യത്തിനും പ്രാധാന്യത്തിനും ദോഷം വരുത്തുന്ന ഒരു നടപടിയും തങ്ങൾ സ്വീകരിക്കില്ല എന്നും പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് പാസിംഗ് അനുമതി നൽകില്ലെന്നും OIIQ പറഞ്ഞു.

പ്രവിശ്യയിൽ പുതിയ ആരോഗ്യ പ്രവർത്തകരുടെ നിയമനത്തിൽ കുറവ് സംഭവിച്ചത് ആശങ്കപ്പെടുത്തുന്ന വിഷയമാണെന്ന് ക്യുബെക്കിലെ ആരോഗ്യമന്ത്രി ക്രിസ്റ്റ്യൻ ഡൂബെ പറഞ്ഞു. അടുത്ത വർഷം മുതൽ യു. എസ്സിലും കാനഡയിലെ മറ്റ് ഇടങ്ങളിലും പ്രയോഗിക്കുന്ന NCLEX-RN എന്ന പരീക്ഷ തന്നെ ക്യുബെക്കിലും നടപ്പിലാക്കും എന്നാണ് OIIQ തീരുമാനം.