ചൂടിനെ നേരിടാൻ കാൽഗരി നിവാസികൾ സജ്ജരാകണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ

By: 600110 On: May 12, 2023, 4:42 PM

 

 

ചൂട് വർദ്ധിക്കുന്നതു മൂലമുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ നേരിടുന്നതിനായി കാൽഗരി നിവാസികളെല്ലാം സജ്ജരാകണമെന്ന് അധികാരികൾ അറിയിച്ചു. ഇതുകൂടാതെ ആൽബർട്ടയിൽ കാട്ടുതീ പടർന്നു പിടിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. അത്യാഹിത സാഹചര്യങ്ങൾ ഉണ്ടായാൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വീടുകൾ കേന്ദ്രീകരിച്ച് എന്തെല്ലാം ചെയ്യണം എന്നതിനെ സംബന്ധിച്ച് കാൽഗരി സ്വദേശികൾക്കായി അധികാരികൾ ഒരു വെബ്ബിനാർ ഒരുക്കി. അടിയന്തിര സാഹചര്യങ്ങളിൽ വീടുകളിൽ നിന്നും രക്ഷപ്പെടുന്നതിന് പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കണം എന്ന് പ്രവിശ്യയിലെ നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൂടേറിയ കാലവസ്ഥയ്ക്കൊപ്പം വരണ്ടതും ശക്തമായതുമായ കാറ്റുകൂടി വീശുമ്പോൾ അഗ്നിബാധയ്ക്ക് സാധ്യത കൂടുതലാണ്. ഫയർ പിറ്റ് നിയമങ്ങൾ കൃത്യമായി പാലിക്കണം എന്നും പുക വലിക്കുമ്പോൾ ശ്രദ്ധ വേണം എന്നും അധികാരികൾ ഓർമിപ്പിക്കുന്നു. അഗ്നിബാധയ്ക്ക് സാധ്യത ഉണ്ടാകുന്ന വിധത്തിൽ അലക്ഷ്യമായി വച്ചിരിക്കുന്ന BBQ ഉപകരണങ്ങൾ, വൈദ്യുത കമ്പികൾ തുടങ്ങിയവ പരിശോധിക്കണം. കാൽഗരിയിലും സതേൺ ആൽബർട്ടയിലും ഇനിയും ചൂട് കൂടാം എന്നും കാട്ടുതീ പടരാം എന്നുമാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം. കാട്ടുതീ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 310 ൽ ബന്ധപ്പെട്ട് അഗ്നിശമന സേനയെ വിവരമറിയിക്കണം എന്നും അധികാരികൾ പറഞ്ഞു.