'കോപ്പികാറ്റ്' കാനബീസ് പ്രൊഡക്ടുകള്‍ കുട്ടികളെ ദോഷകരമായി ബാധിക്കും: ഹെല്‍ത്ത് കാനഡ 

By: 600002 On: May 12, 2023, 11:41 AM

 

ഭക്ഷ്യയോഗ്യമായ 'കോപ്പികാറ്റ്' കാനബീസ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഹെല്‍ത്ത് കാനഡ. രക്ഷിതാക്കള്‍ ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന അളവില്‍ ടിഎച്ച്‌സി അടങ്ങിയിട്ടുള്ള, ഈ നിയമവിരുദ്ധ ഉല്‍പ്പന്നങ്ങളില്‍ ചിപ്‌സ്, ചീസ് പഫ്‌സ്, കുക്കികള്‍, ചോക്ലേറ്റ് ബാറുകള്‍, വര്‍ണ്ണാഭമായ പാക്കേജിംഗിലുള്ള മിഠായികള്‍ തുടങ്ങി ധാന്യങ്ങളും ലഘുഭക്ഷണങ്ങളും ഉള്‍പ്പെടുന്നു. സ്റ്റാര്‍ബര്‍സ്റ്റ്, ഡോറിറ്റോസ്, ഓറിയോസ് തുടങ്ങിയ പരിചിതമായ ബ്രാന്ഡഡുകളെ അനുകരിച്ച് നിരവധി കോപ്പികാറ്റ് കാനബീസ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ടെന്ന് ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങളെ തിരിച്ചറിയാന്‍  മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും കഴിഞ്ഞേക്കില്ലെന്നും തങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളെന്ന വിശ്വാസത്തില്‍ വാങ്ങി ഉപയോഗിക്കുന്നുവെന്നും ഹെല്‍ത്ത് കാനഡ പറയുന്നു. നെഞ്ചുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഓക്കാനം, ഛര്‍ദ്ദി, കടുത്ത ഉത്കണ്ഠ എന്നിവയാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ശ്രദ്ധിക്കണമെന്നും ഉടന്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിക്കുന്നു.