കാനഡയില്‍ താമസിക്കുന്നവര്‍ക്ക് ജൂലൈ 5ന് വണ്‍-ടൈം ഗ്രോസറി റിബേറ്റ് പേയ്‌മെന്റുകള്‍ ലഭിച്ചു തുടങ്ങും   

By: 600002 On: May 12, 2023, 10:48 AM


കാനഡയിലെ അര്‍ഹരായ ആളുകള്‍ക്ക് വണ്‍-ടൈം ഗ്രോസറി റിബേറ്റ് പേയ്‌മെന്റ് ജൂലൈ 5 മുതല്‍ വിതരണം ചെയ്യുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. ഈയാഴ്ച ഗ്രോസറി റിബേറ്റ് പേയ്‌മെന്റിനുള്ള നിയമനിര്‍മാണം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ധനകാര്യ വകുപ്പ് ഇക്കാര്യം അറിയിച്ചത്. ഗ്രോസറി റിബേറ്റ് പേയ്‌മെന്റ് ബില്‍ പ്രകാരം, രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് 467 ഡോളര്‍ വരെ പേയ്‌മെന്റ് ലഭിക്കും. അതേസമയം, പ്രായമായവര്‍ക്ക് 225 ഡോളറും അര്‍ഹരായ അവിവാഹിതര്‍ക്ക് 234 ഡോളറും ലഭിക്കും. കാനഡ റെവന്യു ഏജന്‍സിയില്‍ നിന്ന് നേരിട്ടുള്ള ഡെപ്പോസിറ്റ് അല്ലെങ്കില്‍ ചെക്ക് വഴിയാണ് പേയ്‌മെന്റ് ലഭിക്കുക. 

ഏകദേശം 11 മില്യണ്‍ ആളുകള്‍ക്ക് പേയ്‌മെന്റ് വിതരണം ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്. താഴ്ന്നതും മിതവുമായ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ പണമടയ്ക്കല്‍ ലക്ഷ്യമിട്ടുള്ള പണപ്പെരുപ്പ ആശ്വാസമാണ് സര്‍ക്കാരിന്റെ ഈ പദ്ധതി. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജിഎസ്ടി റിബേറ്റിന്റെ താല്‍ക്കാലിക ഉത്തേജനത്തിന്റെ ഭാഗമാണ് ഗ്രോസറി റിബേറ്റ് പേയ്‌മെന്റ്.