നാഷണല്‍ അസംബ്ലി അംഗങ്ങള്‍ക്ക് 30,000 ഡോളര്‍ ശമ്പള വര്‍ധന; ക്യുബെക്ക് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചു 

By: 600002 On: May 12, 2023, 10:19 AM

 

നാഷണല്‍ അസംബ്ലിയിലെ അംഗങ്ങള്‍ക്ക് 30,000 ഡോളര്‍ ശമ്പള വര്‍ധനവ് ലഭിക്കുന്ന ബില്‍-24 ക്യുബെക്ക് സര്‍ക്കാര്‍ അവതരിപ്പിച്ചു. ബില്‍-24 പാസാകുകയാണെങ്കില്‍ എംഎന്‍എകളുടെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം 101,561 ഡോളറില്‍ നിന്നും 131,766 ഡോളറിലേക്ക് ഉയരും. കൂടാതെ കാനഡയില്‍ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന രാഷ്ട്രീയപ്രതിനിധികളുള്ള പ്രവിശ്യയായി ക്യുബെക്ക് മാറും. പ്രതിവര്‍ഷം 120,936 ഡോളര്‍ ശമ്പളമുള്ള ആല്‍ബെര്‍ട്ട ലെജിസ്ലേച്ചര്‍ അംഗങ്ങളാണ് നിലവില്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന രാഷ്ട്രീയ പ്രതിനിധികള്‍. 

2000 മുതല്‍ ക്യുബെക്കിലെ എംഎന്‍എകളുടെ ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. പബ്ലിക് സര്‍വീസ് മേഖലയിലെ ഡയറക്ടര്‍മാരുടെയും വൈസ് പ്രസിഡന്റുമാരുടെയും ശമ്പളവുമായി പൊരുത്തപ്പെടുന്ന തരത്തില്‍ പുന:ക്രമീകരിക്കണമെന്ന ഇന്‍ഡിപെന്‍ഡന്റ് കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ നിന്നാണ് ബില്‍ 24 റെക്കമന്‍ഡേഷനുകള്‍ സ്വീകരിച്ചിരിക്കുന്നത്.