ഭൂകമ്പം ഉണ്ടായാൽ ബ്രിട്ടീഷ് കൊളംബിയയെ കാത്തിരിക്കുന്നത് വലിയ ദുരന്തമെന്ന് ONC ഗവേഷണ റിപ്പോർട്ട്

By: 600110 On: May 11, 2023, 6:15 PM

 

 

ബ്രിട്ടിഷ് കൊളംബിയ നിവാസികൾക്ക് നടുക്കമുണ്ടാക്കുന്നതാണ് ഓഷ്യൻ നെറ്റ്വർക്ക്സ് കാനഡയുടെ പുതിയ ഗവേഷണ റിപ്പോർട്ട്. ഒരു ഭൂകമ്പമോ അതേത്തുടർന്ന് ഒരു സുനാമിയോ ഉണ്ടാവുകയാണെങ്കിൽ അത് പ്രവിശ്യയെ സാരമായി ബാധിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പത്തിന് 20 മിനുട്ടിനുള്ളിൽ തന്നെ വാൻകൂവർ ദ്വീപുകളിൽ 6 അടിയോളം ഉയരമുള്ള പ്രാഥമിക തിരമാലകളേയും പിന്നീട് 40 അടിയോളം ഉയരമുള്ള ഭീമൻ തിരമാലകളേയും സൃഷ്ടിക്കാനാവും. സെക്കന്റിൽ 1.5 മീറ്ററോളം വേഗത കൈവരിക്കാനിടയുള്ള ഇത്തരം സുനാമികൾ നാവികർക്ക് ഭീഷണിയാകും. നിലവിലുള്ള കണക്കുകളും മാപ്പിങ്ങും ചരിത്രത്തിലെ മുൻ രേഖകളും വച്ചുകൊണ്ടാണ് പുതിയ പഠനം നടത്തിയിട്ടുള്ളത്. 
 
ഒരോ സ്ഥലത്തും എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിക്കാം എന്ന് കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനും മറ്റും ഇത്തരം പഠനങ്ങൾ സഹായകരമാണ്. തങ്ങളുടെ ഗവേഷണം ജനങ്ങളിൽ ഭീതി ഉണ്ടാക്കുവാൻ ഉദ്ദേശിച്ചുകൊണ്ടല്ല എന്നും അടിയന്തിര സാഹചര്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഏവരേയും പ്രാപ്തരാക്കുവാനുള്ളതാണെന്നും ONC അംഗമായ സരോഷ് കൗഹി പറഞ്ഞു. റിക്ടർ സ്കെയിലിൽ 8 ന് മുകളിൽ രേഖപ്പെടുത്താവുന്ന വലിയ ഭൂകമ്പങ്ങളുടെ ഒരു പ്രധാന സാധ്യതാമേഖലയാണ് ബ്രിട്ടിഷ് കൊളംബിയൻ തീരങ്ങൾ.