ന്യൂസിലാന്റിൽ വെള്ളപ്പൊക്കം, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

By: 600110 On: May 11, 2023, 6:12 PM

 

 

ന്യൂസിലന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ക്ലാന്റിൽ വെള്ളപ്പൊക്കം വന്നതിനെ തുടർന്ന് സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിൽ നിന്ന് വടക്ക് മാറി പഠനയാത്രയിൽ ഏർപ്പെട്ടിരുന്ന സ്കൂൾ കുട്ടികളിൽ ഒരാളെ കാണാതായതായും റിപ്പോർട്ട് ചെയ്യുന്നു. മണ്ണിടിച്ചിൽ, മരങ്ങൾ വീഴുക, വാഹനങ്ങൾ കുടുങ്ങുക, കെട്ടിടങ്ങളിൽ വെള്ളം കയറൽ എന്നിവയുമായി ബന്ധപ്പെട്ട് 200 ഓളം സഹായ അഭ്യർത്ഥനകൾ തങ്ങൾക്ക് വന്നു എന്ന് അഗ്നിശമന സേനാവൃത്തങ്ങൾ പറയുന്നു. ജനുവരിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേരും ഫെബ്രുവരിയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ പതിനൊന്നു പേരും രാജ്യത്ത് മരിച്ചിരുന്നു. തുടർച്ചയായി പ്രതികൂല സാഹചര്യങ്ങളെ നേരിടുകയാണെങ്കിലും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഇതിനെ അതിജീവിക്കണമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. 
 
പതിനഞ്ച് കുട്ടികളും രണ്ട് മുതിർന്നവരും അടങ്ങുന്ന സംഘമാണ് അബ്ബേ ഗുഹ സന്ദർശിക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടത്. ഒരു വിദ്യാർത്ഥിയെ കാണാതായി. മോശം കാലാവസ്ഥയെ തുടർന്ന് അല്പനേരം  നിർത്തിവച്ചുവെങ്കിലും ഇപ്പോൾ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.