താപനില ഉയരുമെന്ന് റിപ്പോര്‍ട്ട്; വെസ്‌റ്റേണ്‍ കാനഡയില്‍ കാട്ടുതീ അപകടസാധ്യതാ മുന്നറിയിപ്പ് 

By: 600002 On: May 11, 2023, 12:54 PM
അടുത്ത ദിവസങ്ങളില്‍ വെസ്‌റ്റേണ്‍ കാനഡയില്‍ അനുഭവപ്പെടുന്ന കാലാനുസൃതമല്ലാത്ത ഉഷ്ണ തരംഗവും വരള്‍ച്ചയും മൂലം ആല്‍ബെര്‍ട്ടയിലും ബീസിയിലും കാട്ടുതീ സാധ്യത വര്‍ധിക്കുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ചയും തിങ്കളാഴ്ചയും ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടുത്തയാഴ്ചയ്ക്ക് ശേഷം താപനിലയില്‍ ഏറ്റക്കുറച്ചില്‍ കണ്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ജോണ്‍ ക്രാഗ് പറയുന്നു.

നിലവില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന ആല്‍ബെര്‍ട്ടയുടെ ചില ഭാഗങ്ങളില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസും അതില്‍ കൂടുതലും എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തിങ്കളാഴ്ച എഡ്മന്റണില്‍ 31 ഡിഗ്രി സെല്‍ഷ്യസും പീസ് റിവറില്‍ 30 ഡിഗ്രി സെല്‍ഷ്യസ്, ഗ്രാന്‍ഡ് പ്രെയറിയില്‍ 29 ഡിഗ്രി സെല്‍ഷ്യസും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആല്‍ബെര്‍ട്ടയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മധ്യ, വടക്കുകിഴക്കന്‍ ബ്രിട്ടീഷ് കൊളംബിയയിലും കാട്ടുതീ വ്യാപിച്ചിരിക്കുകയാണ്. ആല്‍ബെര്‍ട്ടയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാട്ടുതീയുടെ പുക വ്യാപിച്ചതോടെ പ്രത്യേക വായു ഗുണനിലവാര ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.