ബീസിയില്‍ ശക്തമായ ഭൂചലനമുണ്ടായാല്‍ പ്രവിശ്യയില്‍ സുനാമി ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. പ്രവിശ്യയിലുണ്ടായേക്കാവുന്ന വിനീശകരമായ നാശത്തെക്കുറിച്ച് മുന്‍കാലങ്ങളിലും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഉണ്ടായാല്‍ വളരെ പെട്ടെന്ന് തന്നെ അത് പ്രവിശ്യയെ തകര്‍ക്കുമെന്ന് ഓഷ്യന്‍ നെറ്റ്‌വര്‍ക്ക് കാനഡ(ONC)യില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു. സുനാമിയെത്തിയാല്‍ ചില കമ്മ്യൂണിറ്റികളില്‍ തിരമാലകള്‍ പതിക്കാന്‍ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം മതിയെന്ന് സംഘടനയിലെ ഗവേഷകര്‍ പറയുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായാല്‍ അതിന്റെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയാണ് സുനാമി മുന്നറിയിപ്പ് നല്‍കുന്നത്. ഭൂകമ്പമുണ്ടായാല്‍ 20 മിനിറ്റിനുള്ളില്‍ നോര്‍ത്ത്‌വെസ്റ്റ് വാന്‍കുവര്‍ ഐലന്‍ഡില്‍ തിരമാല ആറടി ഉയരും. തീരത്തേക്ക് 40 അടി ഉയരത്തില്‍ തിരമാലകള്‍ അടിച്ചുകയറുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ദിവസം വടക്കന്‍ ബീസിയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. മോറെസ്ബി ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്ത് രാവിലെ 9 മണിക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. സുനാമി അപകട സാധ്യത പ്രതീക്ഷിക്കുന്നില്ലെന്നാണ് യുഎസ് നാഷണല്‍ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിരുന്നു.