കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനില്‍ എയര്‍ കാനഡയും വെസ്റ്റ്‌ജെറ്റും ശരാശരിയിലും താഴെ: സര്‍വേ റിപ്പോര്‍ട്ട്

By: 600002 On: May 11, 2023, 9:57 AM

 

കാനഡയിലെ രണ്ട് പ്രധാന എയര്‍ലൈനുകള്‍ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനില്‍ ശരാശരിയിലും താഴെയെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. ഉപഭോക്തൃ അനലിസ്റ്റിക്‌സ് കമ്പനിയായ ജെഡി പവര്‍ നടത്തിയ സര്‍വ്വേയില്‍ ഇക്കണോമി ക്ലാസിലെ 11 എയര്‍ലൈനുകളില്‍ എയര്‍ കാനഡയും വെസ്റ്റ്‌ജെറ്റും യഥാക്രമം അഞ്ചാം സ്ഥാനത്തും എട്ടാം സ്ഥാനത്തും എത്തി. നോര്‍ത്ത് അമേരിക്കന്‍ എയര്‍ലൈനുകളില്‍ സഞ്ചരിച്ച 7,774 യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി 2022 മാര്‍ച്ചിനും 2023 മാര്‍ച്ചിനും ഇടയില്‍ നടത്തിയ സര്‍വ്വേ പ്രകാരമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 

രണ്ട് എയര്‍ലൈനുകളും 1,000 പോയിന്റ് സ്‌കെയിലില്‍ ശരാശരി കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ കണക്കായ 782 ന് താഴെയാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി എയര്‍ലൈനുകളിലുടനീളം യാത്രക്കാരുടെ സംതൃപ്തി കുറയുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നും സര്‍വ്വേ പറയുന്നു. കൂടിയ നിരക്കുകളും തിരക്കേറിയ വിമാനങ്ങളും കുറഞ്ഞ ഫ്‌ളൈറ്റുകളുമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ജെഡി പവര്‍ ട്രാവല്‍ ഹെഡ് മൈക്കല്‍ ടെയ്‌ലര്‍ പറയുന്നു.