ആല്‍ബെര്‍ട്ട കാട്ടുതീ: കാനഡയിലും യുഎസിലെ ചില ഭാഗങ്ങളിലും കനത്ത പുക പടരുന്നു 

By: 600002 On: May 10, 2023, 10:50 AM


സെന്‍ട്രല്‍ ആല്‍ബെര്‍ട്ടയില്‍ പടരുന്ന കാട്ടുതീയില്‍ നിന്നും ഉയരുന്ന പുക രാജ്യത്തുടനീളവും യുഎസിലെ ചില ഭാഗങ്ങളിലും പടരുകയാണ്. വടക്കേ അമേരിക്കയിലെ കാട്ടുതീയും വായുവിന്റെ ഗുണനിലവാരവും ട്രാക്ക് ചെയ്യുന്ന AirNow  വിന്റെ മാപ്പില്‍ ആല്‍ബെര്‍ട്ടയില്‍ നിന്നുള്ള പുക നോര്‍ത്ത് വെസ്റ്റ് ടെറിറ്ററികള്‍, നുനാവുട്ട്, ഒന്റാരിയോ, ന്യൂ ഇംഗ്ലണ്ട് എന്നിവടങ്ങളില്‍ വ്യാപിക്കുന്നതായി കാണിക്കുന്നു. 

89 ഓളം കാട്ടുതീകളാണ് ഇപ്പോള്‍ സജീവമായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 26 എണ്ണം നിയന്ത്രണാതീതമായിട്ടുണ്ട്. ഏകദേശം 29,000 ത്തിലധികം ആളുകളെ കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചു. വീടുകളില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അറിയിച്ചു. 

ഒഴിപ്പിച്ച കമ്മ്യൂണിറ്റികളില്‍ ആക്രമണങ്ങള്‍ തടയുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തെ വിന്യസിക്കുമെന്നും സ്മിത്ത് പ്രഖ്യാപിച്ചു. ഫെഡറല്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.