കാനഡയിലെ ഇ-വേസ്റ്റ് 20 വര്‍ഷത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട് 

By: 600002 On: May 10, 2023, 10:04 AM

 

കാനഡയില്‍ 20 വര്‍ഷത്തിനിടെ ഇലക്ട്രോണിക് വേസ്റ്റ് മൂന്നിരട്ടിയിലധികം വര്‍ധിച്ചതായി പുതിയ പഠന റിപ്പോര്‍ട്ട്. ജേര്‍ണല്‍ ഓഫ് ഹസാര്‍ഡസ് മെറ്റീരിയല്‍സിലാണ് വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇനി വരുന്ന വര്‍ഷങ്ങളിലും ഇ-വേസ്റ്റ് വര്‍ധിക്കുമെന്നും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനായി മികച്ച ഇ-വേസ്റ്റ് സംസ്‌കരണം ആവശ്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കമ്പ്യൂട്ടറുകള്‍, ടെലിവിഷനുകള്‍, മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ മുതല്‍ റെഫ്രിജറേറ്റുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഇ-വേസ്റ്റില്‍ ഉള്‍പ്പെടുന്നു. 

2020 ല്‍ ഏകദേശം ഒരു ദശലക്ഷം ടണ്‍ ഇ-വേസ്റ്റാണ് ഉണ്ടായത്. ഇത് 2030 ഓടെ പ്രതിവര്‍ഷം 1.2 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനത്തില്‍ പറയുന്നു. 

വളരെ വേഗത്തില്‍ വികസിക്കുന്ന സാങ്കേതിക വിദ്യയും ഉപകരണങ്ങളുടെ ആയുസ്സ് കുറഞ്ഞതും ഉപഭോക്തൃശീലങ്ങളുമാണ് ഇലക്ട്രോണിക് ഉപഭോഗത്തിന്റെ വര്‍ധനവിന് കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ വര്‍ധിച്ച് വരുന്ന ജനസംഖ്യയും ഇ-വേസ്റ്റ് വര്‍ധിക്കാനുള്ള കാരണമാണെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.