ആല്‍ബെര്‍ട്ടയില്‍ വാക്‌സിന്‍ സ്വീകരിച്ചവരെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത സംഭവം: ക്ഷമ ചോദിച്ച് ഡാനിയേല്‍ സ്മിത്ത് 

By: 600002 On: May 10, 2023, 9:45 AM


അഡോള്‍ഫ് ഹിറ്റ്‌ലറുടെ അനുയായികളുമായി ആല്‍ബെര്‍ട്ടയിലെ വാക്‌സിന്‍ സ്വീകരിച്ചവരെ താരതമ്യം ചെയ്ത സംഭവത്തില്‍ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് ക്ഷമാപണം നടത്തി. പ്രീമിയറാകുന്നതിന് മുമ്പ് ടോക്ക് ഷോ അവതാരികയായും പോഡ്കാസ്റ്ററായും ജോലി ചെയ്യുന്നതിനിടയിലാണ് ഡാനിയേല്‍ സ്മിത്ത് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തത്. അന്ന് ജനങ്ങള്‍ക്കെതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ചതിന് ഇന്ന് പ്രീമിയര്‍ സ്ഥാനത്തിരുന്ന് ക്ഷമാപണം നടത്തുന്നതായി സ്മിത്ത് അറിയിച്ചു. കോവിഡ് സമയത്ത് വാക്‌സിന്‍ നിര്‍ദ്ദേശങ്ങള്‍ക്കും ഉപയോഗത്തിനുമെതിരെയായിരുന്നു താനെന്ന് സ്മിത്ത് പറഞ്ഞു. 

ഹോളോകോസ്റ്റ് സമയം ഭീകരത നിറഞ്ഞതായിരുന്നു. ആധുനിക കാലത്ത് ഇത്രയും ഭീകര നിമിഷങ്ങളുമായി നമ്മുടെ കഷ്ടപ്പാടുകളെയും അനുഭവങ്ങളെയും ഒരിക്കലും താരതമ്യപ്പെടുത്തരുതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. 2021 നവംബര്‍ 10ന് റിലീസായ വീഡിയോയില്‍ പറഞ്ഞ വാക്കുകള്‍ ഞായറാഴ്ച വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ഇത് ചര്‍ച്ചാ വിഷയമായത്. തുടര്‍ന്നാണ് സ്മിത്ത് ക്ഷമാപണം നടത്തിയത്. 

ജൂത സമൂഹത്തിന് താന്‍ എപ്പോഴും നല്ല സുഹൃത്തായിരിക്കും. ഇസ്രയേലിനോട് സൗഹൃദം സൂക്ഷിക്കും. മുന്‍കാലത്ത് റേഡിയോ ടോക്കിലോ പോഡ്കാസ്റ്റുകളിലോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിന്ദ്യമായ ഭാഷ ഉപയോഗിച്ചെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും സ്മിത്ത് വ്യക്തമാക്കി.