പണിമുടക്കിന് മുന്നോടിയായി വെസ്റ്റ്‌ജെറ്റ് പൈലറ്റുമാരുടെ പിക്കറ്റ് : വലഞ്ഞ് യാത്രക്കാര്‍ 

By: 600002 On: May 10, 2023, 8:37 AM

 

വിക്ടോറിയ ഡേയുടെ ഭാഗമായി വിമാനയാത്രക്കാരുടെ തിരക്കേറുകയാണ്. ഈ സാഹചര്യത്തില്‍ വെസ്റ്റ്‌ജെറ്റ് പൈലറ്റുമാരുടെ പണിമുടക്ക് കൂടി വരുമ്പോള്‍ യാത്രക്കാര്‍ ദുരിതത്തിലാകും. പണിമുടക്കിന് മുന്നോടിയായി വെസ്റ്റ്‌ജെറ്റ് പൈലറ്റുമാര്‍ പിക്കറ്റിംഗ് നടത്തുകയാണ്. ജീവനക്കാരുടെ കുറവിന് പുറമെ രാജ്യത്തെ പ്രധാന എയര്‍ലൈനുകളിലൊന്ന് പണിമുടക്കിലേക്ക് കൂടി നീങ്ങുമ്പോള്‍ വലിയൊരു യാത്രാ പ്രശ്‌നത്തിനാണ് തുടക്കമിടുക. 300 ല്‍ അധികം വെസ്റ്റ്‌ജെറ്റ് പൈലറ്റുമാരാണ് പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ടെര്‍മിനല്‍ 3 ല്‍ പിക്കറ്റിംഗ് നടത്തുന്നത്. അടുത്തയാഴ്ച പണിമുടക്കിലേക്ക് നീങ്ങുമെന്ന് അറിയിച്ച പൈലറ്റുമാര്‍ കാല്‍ഗറിയിലും വാന്‍കുവറിലും സമാനമായ പിക്കറ്റിംഗ് നടത്തുകയാണ്. 

നിയമപരമായി പണിമുടക്ക് നടത്താനാണ് തങ്ങളുടെ ശ്രമം. പണിമുടക്കിന് മുമ്പ് അനുകൂലമായ കരാറിലെത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പൈലറ്റ് ക്യാപ്റ്റന്‍ ക്രിസ് തോള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പൈലറ്റുമാരില്‍ ജോലി ഉപേക്ഷിച്ച് പോകുന്നവരുണ്ട്, മറ്റ് എയര്‍ലൈന്‍ കമ്പനികളിലേക്ക് ഉയര്‍ന്ന നിരക്കില്‍ ജോലി ചെയ്യാന്‍ പോകുന്നവരുണ്ട്. പൈലറ്റുമാരുടെ കൊഴിഞ്ഞുപോക്ക് പ്രതിമാസം 30 ശതമാനത്തിലധികം നഷ്ടമാണ് വരുത്തുന്നതെന്നും എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍(എഎല്‍പിഎ) പ്രസ്താവനയില്‍ പറഞ്ഞു.   
പൈലറ്റുമാര്‍ യുഎസിലെ എയര്‍ലൈനുകളുള്‍പ്പെടെയുള്ള കമ്പനികളിലേക്ക് പോവുകയാണ്. മികച്ച ശമ്പളമുള്ള ജോലികള്‍ക്കായുള്ള തിരച്ചിലിലാണ് പൈലറ്റുമാരെന്നും യൂണിയന്‍ പറയുന്നു.