കാട്ടുതീ പടരുന്നു; ആല്‍ബെര്‍ട്ടയ്ക്ക് സഹായവുമായി ഫെഡറല്‍ സര്‍ക്കാര്‍; എമര്‍ജന്‍സി പേയ്‌മെന്റ് പ്രഖ്യാപിച്ച് പ്രവിശ്യാ സര്‍ക്കാര്‍  

By: 600002 On: May 9, 2023, 10:34 AM

 

കാട്ടുതീ പടരുന്ന ആല്‍ബെര്‍ട്ടയ്ക്ക് സഹായ വാഗ്ദാനവുമായി ഫെഡറല്‍ സര്‍ക്കാര്‍. തീ നിയന്ത്രണ വിധേയമാകുന്നത് വരെ പ്രവിശ്യയുടെ എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. പ്രവിശ്യാ സര്‍ക്കാര്‍ ഔദ്യോഗികമായി സഹായ അഭ്യര്‍ത്ഥന സമര്‍പ്പിച്ചതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രസ്താവന വരുന്നത്. തിങ്കളാഴ്ച പ്രവിശ്യയുടെ അഭ്യര്‍ത്ഥന ലഭിച്ചതായി എമര്‍ജന്‍സി പ്രിപ്പേര്‍ഡ്മസ് മിനിസ്റ്റര്‍ ബില്‍ ബ്ലെയര്‍ സ്ഥിരീകരിച്ചു. 

കനേഡിയന്‍ റെഡ് ക്രോസുമായി ചേര്‍ന്ന് കാട്ടുതീ ബാധിച്ച ആല്‍ബെര്‍ട്ടയിലെ ജനങ്ങളെ സഹായിക്കുന്നതിനായി മാച്ചിംഗ് ഫണ്ട് രൂപീകരിക്കാന്‍ ഫെഡറല്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്രൂഡോ പറഞ്ഞു. 

അതേസമയം, കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പ്രവിശ്യയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്. കാട്ടുതീയെ തുടര്‍ന്ന് ഏഴ് ദിവസത്തില്‍ കൂടുതല്‍ വീട് വിട്ട് നില്‍ക്കേണ്ടി വരുന്ന ആളുകള്‍ക്ക് വണ്‍-ടൈം എമര്‍ജന്‍സി പേയ്‌മെന്റുകള്‍ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പ്രഖ്യാപിച്ചു. മുതിര്‍ന്നവര്‍ക്ക് 1250 ഡോളറും അവരുടെ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 500 ഡോളറും ധനസഹായം ലഭിക്കും. അര്‍ഹരായവര്‍ക്ക് ധനസഹായത്തിനായി Alberta.ca  അക്കൗണ്ട് ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 

നൂറിലധികം കാട്ടുതീകളാണ് പ്രവിശ്യയില്‍ സജീവമായിരിക്കുന്നത്. ഇതില്‍ 30 ല്‍ കൂടുതല്‍ നിയന്ത്രണാതീതമായിരിക്കുകയാണ്. ഇതുവരെ 29,000 ലധികം ജനങ്ങളെ അവരുടെ കമ്മ്യൂണിറ്റികളില്‍ നിന്ന് ഒഴിപ്പിച്ചതായി ഡാനിയേല്‍ സ്മിത്ത് അറിയിച്ചു.