ഒന്റാരിയോയില്‍ ലൈസന്‍സ് പ്ലേറ്റ് മറയ്ക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച ഡ്രൈവര്‍ക്ക് പിഴ ചുമത്തി  

By: 600002 On: May 9, 2023, 10:10 AM

 

ഒന്റാരിയോയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൈസന്‍സ് പ്ലേറ്റ് മറയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് പിഴ ചുമത്തി. വാഹനത്തിലെ ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് ലൈസന്‍സ് പ്ലേറ്റ് മറയ്ക്കുന്ന വിധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  ഈ വാരാന്ത്യത്തില്‍ ലൈസന്‍സ് പ്ലേറ്റ് ഇല്ലാതെ മില്‍ട്ടണില്‍ കറുത്ത പോര്‍ഷെ പനേര 4s ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനാണ് വിവരമറിയിച്ചതെന്ന് ഹാള്‍ട്ടണ്‍ പോലീസ് പറഞ്ഞു. 

വാഹനത്തിന്റെ മുന്‍ഭാഗത്തെ ലൈസന്‍സ് പ്ലേറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു. പോലീസ് വാഹനത്തിന് മുന്നിലായി കടന്നുപോയ വാഹനം സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ ലൈസന്‍സ് പ്ലേറ്റ് മറയ്ക്കുന്ന ഉപകരണം ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ലൈസന്‍സ് പ്ലേറ്റ് മറയ്ക്കുന്ന രീതിയില്‍ വലിച്ച്‌നീക്കാവുന്ന കറുത്ത നിറത്തിലുള്ള കവര്‍ ഇതില്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ സീറ്റിലെ ബട്ടണില്‍ അമര്‍ത്തിയാല്‍ ലൈസന്‍സ് പ്ലേറ്റ് മറയ്ക്കാന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു.  

ഡ്രൈവര്‍ക്ക് ലൈസന്‍സ് പ്ലേറ്റ് മറച്ചതിനും, ലൈസന്‍സ് പ്ലേറ്റില്ലാതെ വാഹനമോടിച്ചതിനും 110 ഡോളര്‍ വീതം പിഴ ചുമത്തിയതായി പോലീസ് പറഞ്ഞു. കൂടാതെ ടോള്‍ നല്‍കാതിരിക്കാന്‍ ഉപകരണം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അധിക ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നും പോലീസ് വ്യക്തമാക്കി.