സ്വകാര്യ ക്ലിനിക്കുകളില്‍ കൂടുതല്‍ ശസ്ത്രക്രിയ: ഒന്റാരിയോയില്‍ ഹെല്‍ത്ത് കെയര്‍ ബില്‍ പാസാക്കി 

By: 600002 On: May 9, 2023, 9:20 AM


ശസ്ത്രക്രിയകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും സ്വകാര്യ ക്ലിനിക്കുകളെ കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ അനുവദിക്കുന്നതുമായ ഹെല്‍ത്ത് കെയര്‍ ബില്‍ ഒന്റാരിയോ സര്‍ക്കാര്‍ പാസ്സാക്കി. ഫെബ്രുവരിയില്‍ ആരോഗ്യമന്ത്രി സില്‍വിയ ജോണ്‍സ് അവതരിപ്പിച്ച യുവര്‍ ഹെല്‍ത്ത് ആക്ട് എന്നറിയപ്പെടുന്ന ബില്‍ 60 ആണ് സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. ഇതോടെ, രോഗ നിര്‍ണയത്തിനും ശസ്ത്രക്രിയകള്‍ക്കുമായി പ്രവിശ്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ദിവസങ്ങളോ മാസങ്ങളോ കാത്തിരിക്കേണ്ടി വരില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. 

ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ക്ലിനിക്കുകള്‍ക്ക് തിമിര ശസ്ത്രക്രിയകള്‍, എംആര്‍ഐ, സിടി സ്‌കാനുകള്‍, മിനിമലി ഇന്‍വേസീവ് ഗൈനക്കോളജിക്കല്‍ സര്‍ജറികള്‍ എന്നിവ നടത്താന്‍ സാധിക്കും. കൂടാതെ ഒന്റാരിയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനിന് കീഴില്‍ കാല്‍മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളും നടത്താന്‍ അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്താന്‍ സ്വകാര്യ ക്ലിനിക്കുകളെ അനുവദിക്കുന്നത് പ്രവിശ്യയിലെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുമെന്ന് നേരത്തെ വിദഗ്ധര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഒരു പദ്ധതിയും ഫണ്ടിംഗും മേല്‍നോട്ടവും ആവശ്യമാണെന്നും അവര്‍ നിര്‍ദ്ദേശിച്ചു.