ഊബര്‍ വഴി ഇനി കാര്‍ വാടകയ്‌ക്കെടുക്കാം; കാനഡയില്‍ ഊബര്‍ റെന്റ് വരുന്നു 

By: 600002 On: May 9, 2023, 9:03 AM

 

ചൊവ്വാഴ്ച മുതല്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് Avis, Hertz, Budget തുടങ്ങിയ കമ്പനികളില്‍ നിന്ന് ഊബര്‍ മൊബൈല്‍ ആപ്പ് വഴി നേരിട്ട് കാര്‍ വാടകയ്‌ക്കെടുക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ആളുകള്‍ക്ക് ടൗണിന് പുറത്തേക്ക് പോകാനോ എന്തെങ്കിലും ജോലികള്‍ ചെയ്യാനോ വാരാന്ത്യ അവധിക്കാലം ചെലവഴിക്കാനോ വാഹനം ആവശ്യമായി വരുമ്പോള്‍ കാര്‍ വാടകയ്‌ക്കെടുക്കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. 

കമ്പനി ഇതിനകം യുഎസിലും യുകെയിലും ഊബര്‍ റെന്റ് സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഊബര്‍ റെന്റ് വഴി കാറുകള്‍ വാടകയ്‌ക്കെടുക്കുന്നതിനുള്ള നിരക്ക് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഓരോ കാറിനും നിരക്ക് വ്യത്യാസപ്പെട്ടിരിക്കാമെന്ന് വക്താവ് അറിയിച്ചു. 

ഊബര്‍ റെന്റിനെക്കുറിച്ച് കൂടുതല്‍ അറിയാനും നിരക്ക്, കാറുകള്‍ എന്നിവ സംബന്ധിച്ച് അറിയാനും ബുക്ക് ചെയ്യാനും കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.