കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) യുടെ കലാസാംസ്കാരിക കൂട്ടായ്മയായ ''പഞ്ചദള'' ത്തിന്റെ ദേശീയതല തിരനോട്ടം (National Curtain Raiser) അത്യധികം ഭംഗിയായി, ഏപ്രിൽ 29 ന് ആഘോഷിച്ചു

By: 600099 On: May 9, 2023, 4:35 AM


KHNA യുടെ പ്രസിഡന്റ് ജി. കെ. പിള്ള ഭദ്രദീപം തെളിയിച്ചതിന് ശേഷം, കലാസാംസ്കാരിക രംഗത്തിന്റെ വ്യത്യസ്ഥ  മേഖലകളായ സംഗീതം, നൃത്തം, ചിത്ര/ശിൽപ്പ കല, സാഹിത്യം, ക്ഷേത്രകലകൾ എന്നിവയെ ഏകോപിപ്പിക്കുന്ന "പഞ്ചദള"ത്തിന്റെ ഔപചാരികമായ ഉത്‌ഘാടനം മുൻ ഗുരുവായൂർ മേൽശാന്തി ബ്രഹ്മശ്രീ കിരൺ ആനന്ദൻ നമ്പൂതിരി നിർവഹിച്ചു. അദ്ദേഹം ആലപിച്ച ഭക്തിസാന്ദ്രമായ ഗാനം ഈ സദുദ്യമത്തിന് അനുഗ്രഹാശിസ്സുകൾക്കൊപ്പം സന്തോഷവും പകർന്നു. KHNA നാഷണൽ കൾച്ചറൽ ചെയർ ആതിര സുരേഷ് എല്ലാവർക്കും സ്വാഗതമോതി.

വിശിഷ്ടാതിഥികളായി പ്രശസ്ത ചലച്ചിത്ര താരം രാഹുൽ മാധവ്, പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ നീന കുറുപ്പ്, പ്രശസ്ത പിന്നണി ഗായകൻ ദേവാനന്ദ് എന്നിവർ പങ്കെടുത്ത് ആശംസകളർപ്പിച്ചത്
പരിപാടികൾക്ക് കൊഴുപ്പേകി. ദേവാനന്ദിന്റെ ശ്രവണമനോഹരങ്ങളായ ഗാനങ്ങൾ ശ്രോതാക്കളെ ആനന്ദത്തിലാറാടിച്ചു.

KHNA ട്രസ്റ്റീ ചെയർ Dr. രാംദാസ് പിള്ള , ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ, പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണൻ, ജനം ടി വി കറന്റ് അഫയേഴ്സ് തലവൻ അനിൽ നമ്പ്യാർ, പ്രശസ്ത നടൻ സാജൻ പള്ളുരുത്തി, പ്രശസ്ത നടൻ സൂരജ് തേലക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു. അതിനു ശേഷം, നോർത്ത് അമേരിക്കയുടെ വിവിധഭാഗങ്ങളിലുള്ള KHNA അംഗങ്ങൾ അവതരിപ്പിച്ച വ്യത്യസ്തവും, കലാമൂല്യമേറിയതുമായ പരിപാടികൾ അരങ്ങേറി.

നവംബർ 23 മുതൽ 25 വരെ ഹൂസ്റ്റണിൽ വെച്ച് നടക്കാനിരിക്കുന്ന ബൃഹത്തായ കൺവെൻഷന്റെ മുന്നോടി മാത്രമാണ് വൻവിജയമായിത്തീർന്ന ഈ  "പഞ്ചദളം തിരനോട്ടം" എന്ന് KHNA യുടെ പ്രസിഡന്റ്‌ ജി കെ പിള്ളയും, കൺവെൻഷൻ ചെയർ രഞ്ജിത്ത് പിള്ളയും  അഭിപ്രായപ്പെടുകയും ആ കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. വൈസ് പ്രസിഡണ്ട് ഷാനവാസ് കാട്ടൂർ, സെക്രട്ടറി സുരേഷ് നായർ, ട്രെഷറർ ബാഹുലെയൻ രാഘവൻ, മുൻ പ്രസിഡണ്ടുമാരായ എം ജി മേനോൻ, സുരേന്ദ്രൻ നായർ, ടി എൻ നായർ, സതീഷ് അമ്പാടി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് എല്ലാ ഭാവുകങ്ങളും നേർന്നു. കൂടാതെ, ട്രസ്റ്റീ അംഗങ്ങളും,  ബോർഡ്‌ അംഗങ്ങളും, "മൈഥിലി മാ" യിലെ അമ്മമാരും ആശംസകൾ അർപ്പിച്ചു. ട്രസ്റ്റീ മെമ്പർ പ്രൊഫസർ ജയകൃഷ്ണൻ നന്ദിപ്രകടനം നടത്തി. നാഷണൽ കൾച്ചറൽ ചെയർ ആതിര സുരേഷ്, കോ-ചെയേഴ്‌സ് ഹരി നമ്പ്യാർ, സതീഷ് മാടമ്പത്ത്, ധനീഷ സാം, ജയ് നായർ, ഗിരീഷ് നായർ എന്നിവരുടെ  നേതൃത്വത്തിൽ നടന്ന ഈ പരിപാടി വ്യത്യസ്തമായ ഒരു അവതരണ ശൈലിയിൽ ശ്രദ്ധേയമായി.