ആല്‍ബെര്‍ട്ട കാട്ടുതീ: മഴയും തണുത്ത കാലാവസ്ഥയുമുണ്ടാകും; തീപിടുത്തം നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ 

By: 600002 On: May 8, 2023, 10:37 AM

 

ആല്‍ബെര്‍ട്ടയില്‍ വിവിധ കമ്മ്യൂണിറ്റികളിലായി കാട്ടുതീ പടരുന്നത് തുടരുകയാണ്. പ്രാദേശിക അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം പ്രവിശ്യയ്ക്ക് പുറത്തു നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ഇതിനിടയില്‍ പ്രവിശ്യയില്‍ മഴ പെയ്‌തേക്കുമെന്നും തണുത്ത കാലാവസ്ഥ നിലനില്‍ക്കുമെന്നുമുള്ള പ്രവചനങ്ങളും വരുന്നുണ്ട്. ഈ പ്രവചനം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ കാട്ടുതീ പരമാവധി നിയന്ത്രണവിധേയമാകുമെന്നും കുറച്ച് ആശ്വാസം ലഭിച്ചേക്കാമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു. 

ഞായറാഴ്ച ഉച്ചയോടെ ആല്‍ബെര്‍ട്ടയില്‍ നൂറിലധികം കാട്ടുതീകള്‍ സജീവമാണ്. ഇതില്‍ 30 ഓളം തീപിടുത്തങ്ങള്‍ നിയന്ത്രണാതീതമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ 29,000 ത്തിലധികം പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഫോക്‌സ് ലേക്കിലെ 20 വീടുകളും ഒരു പോലീസ് സ്‌റ്റേഷനും ഒരു സ്‌റ്റോറും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു. 

ഡ്രെയ്ടണ്‍ വാലി മേഖലയില്‍ നേരിയ മഴ പെയ്യുന്നുണ്ടെങ്കിലും ആളിക്കത്തുന്ന തീ അണയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്ന് ടൗണ്‍ ഓഫ് ഡ്രെയ്ടണ്‍ വാലി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു. ഡ്രെയ്ടണ്‍ വാലിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണയാതെ ഇവര്‍ക്ക് ഇവിടേക്ക് വീണ്ടും പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.