ഒന്റാരിയോയില്‍ 60 ശതമാനം നഴ്‌സുമാരും ജോലി രാജിവെക്കാന്‍ ആലോചിക്കുന്നു: സര്‍വ്വേ റിപ്പോര്‍ട്ട് 

By: 600002 On: May 8, 2023, 10:07 AM

 

ഒന്റാരിയോയില്‍ രജിസ്റ്റര്‍ ചെയ്ത പ്രാക്ടിക്കല്‍ നഴ്‌സുമാരില്‍(RPN) 60 ശതമാനവും  ജോലിയില്‍ നിന്നും രാജിവെക്കുവാന്‍ ആലോചിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ഹാമില്‍ട്ടണിലുള്ള സെന്റ് ജോയ്‌സ് ഹോസ്പിറ്റലിലെ ചാള്‍ട്ടണ്‍ ക്യാമ്പസില്‍ കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ്( CUPE) SEIU ഹെല്‍ത്ത്‌കെയറും ചേര്‍ന്നാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രവിശ്യയിലെ 20,000 ത്തോളം നഴ്‌സുമാരെ പ്രതിനിധീകരിക്കുന്നതാണ് ഇരുയൂണിയനുകളും. നാഷണല്‍ നഴ്‌സിംഗ് വീക്കിന് മുന്നോടിയായി യൂണിയനുകള്‍ ആവശ്യപ്പെട്ട ഐപിഎസ്ഒ വോട്ടെടുപ്പില്‍ നിന്നുള്ള ഡാറ്റയാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. 

സെന്റ് ജോസിലെ നഴ്‌സുമാരില്‍ ഏകദേശം 360 നഴ്‌സുമാരും(60 ശതമാനം) ജോലി ഉപേക്ഷിക്കുന്നത് പരിഗണിക്കുന്നതായി CUPE  വക്താവ് ഷാരോണ്‍ റിച്ചര്‍ പറഞ്ഞു. സ്റ്റാഫുകളുടെ കുറവ് മൂലമുണ്ടാകുന്ന ഉയര്‍ന്ന ജോലി ഭാരവും അതിനോട് പൊരുത്തപ്പെടാത്ത ശമ്പളവുമാണ് നഴ്‌സുമാരെ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള കാരണമെന്ന് റിച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. 

മതിയായ വിശ്രമം പോലുമില്ലാതെയാണ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. ജോലിയില്‍ ഒരു തടസ്സവുമില്ലാതെ കാര്യക്ഷമമായ പ്രവര്‍ത്തനം മുന്നോട്ട് വെക്കുമ്പോള്‍ ഇവര്‍ക്ക് അതിനൊത്ത ശമ്പളമില്ലാത്തത് പലരെയും വലയ്ക്കുന്നു. 

ഓവര്‍ടൈം നിരസിക്കല്‍, കോര്‍ഡിനേറ്റഡ് സിക്ക് കോളുകള്‍ എന്നിവ സംബന്ധിച്ച് നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തെക്കുറിച്ച് സെന്റ് ജോസഫ്‌സ് ഹെല്‍ത്ത്‌കെയര്‍ അന്വേഷിച്ചു കൊണ്ടിരിക്കെയാണ് സര്‍വ്വേ ഫലം റിലീസ് ചെയ്തിരിക്കുന്നത്.