കനേഡിയന്‍ നാണയങ്ങളില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ചിത്രം ആലേഖനം ചെയ്യും 

By: 600002 On: May 8, 2023, 8:17 AM


കാനഡയുടെ 20 ഡോളര്‍ ബാങ്ക്‌നോട്ടിലും നാണയങ്ങളിലും ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ചിത്രം ഉടന്‍ ആലേഖനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച നടന്ന ചരിത്രപരമായ കിരീടധാരണത്തെത്തുടര്‍ന്ന് ബാങ്ക് ഓഫ് കാനഡയുടെ 20 ഡോളര്‍ നോട്ടിന്റെ ഡിസൈനില്‍ എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രത്തിന് പകരം ചാള്‍സ് രാജാവിന്റെ ചിത്രം ആലേഖനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ റോയല്‍ കനേഡിയന്‍ മിന്റ് ചിത്രം ആലേഖനം ചെയ്യാന്‍ കനേഡിയന്‍ നാണയങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. 

പുനര്‍രൂപകല്‍പ്പന പ്രക്രിയ എപ്പോള്‍ നടക്കുമെന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല. വരും മാസങ്ങളില്‍ രൂപകല്‍പ്പന നടക്കുമെന്നാണ് ഫെഡറല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

അതേസമയം, എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം ഉള്‍ക്കൊള്ളുന്ന നിലവിലുള്ള നാണയങ്ങളും 20 ഡോളര്‍ നോട്ടുകളും നിയമപരമായി തുടരും.