ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ കാനഡ സന്ദര്‍ശിക്കുന്നു 

By: 600002 On: May 8, 2023, 7:54 AM


ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച കാനഡയിലെത്തും. സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു ദശാബ്ദത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും ഒരു വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ പ്രതിജ്ഞാബദ്ധരാകുമെന്നാണ് കോര്‍പ്പറേറ്റ് കാനഡയുടെ പ്രതീക്ഷ. ജനാധിപത്യങ്ങള്‍ക്ക് ബിസിനസ്സിനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിക്കണം. കാരണം അവര്‍ ബിസിനസിനായി പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് കനേഡിയന്‍ ബിസിനസ് കൗണ്‍സില്‍ മേധാവി ഗോള്‍ഡി ഹൈദര്‍ പറഞ്ഞു. ഏര്‍ലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റിനായുള്ള(ഇപിടിഎ) നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ഈ സന്ദര്‍ശനം രാഷ്ട്രീയ ആക്കം കൂട്ടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പതിറ്റാണ്ടുകളായി വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനും സ്ഥാപനങ്ങള്‍ ആരംഭിക്കാനും ബുദ്ധിമുട്ടുള്ള ദരിദ്ര രാജ്യമായാണ് ഇന്ത്യയെ വിദേശ രാജ്യങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. ഇന്ത്യയുടെ വികസന മുഖം മാറിക്കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകള്‍ രാജ്യം വികസിക്കുന്നുവെന്നാണ് കാണിക്കുന്നതെന്ന് ഹൈദര്‍ ചൂണ്ടിക്കാട്ടി. കോംപ്ലക്‌സ് സെമികണ്ടക്ടേഴ്‌സ്, വാക്‌സിന്‍സ്, ലൈഫ് സയന്‍സസ് മേഖലയിലെ ഗവേഷണങ്ങളുടെ ശക്തികേന്ദ്രമാകാനുള്ള പാതയിലാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

കനേഡിയന്‍ ഇന്റര്‍നാഷണല്‍ ട്രേഡ്, സ്‌മോള്‍ ബിസിനസ്സ് ആന്‍ഡ് ഇക്കണോമിക് ഡെവലപ്‌മെന്റ് മിനിസ്റ്റര്‍ മേരി എന്‍ജിയുമായി ഗോയല്‍ തിങ്കളാഴ്ച ഓട്ടവയില്‍ വ്യാപാരവും നിക്ഷേപവും സംബന്ധിച്ച ഉഭയകക്ഷി മന്ത്രിതല സംഭാഷണം നടത്തും. മെയ് 9, 10 തീയതികളില്‍ അദ്ദേഹം വ്യാപാര വ്യവസായ പ്രതിനിധികളുമായും ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുമായും ടൊറന്റോയില്‍ ചര്‍ച്ച നടത്തും.