താനൂരിൽ ബോട്ട് അപകടം; അഞ്ചു കുട്ടികൾ ഉൾപ്പെടെ 21 മരണം

By: 600021 On: May 8, 2023, 4:38 AM

മലപ്പുറത്ത് ഒട്ടുംപുറം തൂവൽ തീരത്ത് ബോട്ട് അപകടത്തിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. നാലുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതോളം പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. വിനോദസഞ്ചാരത്തിന് എത്തിയ മുപ്പതോളം പേർ വരുന്ന സംഘം സഞ്ചരിച്ചിരുന്ന ബോട്ട് തലകീഴായി മറിഞ്ഞ് പൂർണമായും മുങ്ങുകയായിരുന്നു. ഫയർഫോഴ്സ്, പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗം തുടങ്ങി മുഴുവൻ സംവിധാനങ്ങളെയും ഏകീകരിച്ചുകൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

താനൂര്‍ ബോട്ടപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനമറിയിച്ചു. മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്നും പ്രിയപ്പെട്ടവരെ നഷട്‌പ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും രാഷ്ട്രപതി.അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രര്‍ത്ഥിക്കുന്നതായും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.താനൂർ ബോട്ടപകടത്തെതുടർന്ന് സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം. ഇന്ന് നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ പരിപാടികളും, താലൂക്ക് തല അദാലത്തുകൾ ഉൾപ്പെടെയുള്ള സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു.