സമുദ്ര അതിർത്തി ലംഘിച്ചു എന്ന് ആരോപിച്ച് പാക്കിസ്ഥാൻ പിടികൂടിയ 600 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്ന് പാകിസ്ഥാൻ. ഗോവയിൽ നടക്കുന്ന ഷാങ്ഹായ്യി കോപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സന്ദർശിച്ചതിനെ തുടർന്നാണ് തീരുമാനം. മെയ് 12, 14 തീയതികളിൽ 2 ഘട്ടങ്ങളിൽ ആയാണ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കുക. ഇവരെ വാഗ അതിർത്തിയിൽ വച്ച് ഇന്ത്യൻ അധികൃതർക്ക് കൈമാറും. തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കും എന്നാണ് പ്രതീക്ഷ. അതേസമയം, കാശ്മീരിനെ കുറിച്ചും ഭീകരവാദത്തെക്കുറിച്ചും ഭൂട്ടോ നടത്തിയ പരാമർശത്തിന് ഭീകരവാദത്തിന്റെ ഇരകളും അത് നടത്തുന്നവരും തമ്മിൽ ഒരുമിച്ച് ചർച്ചയ്ക്ക് ഇരിക്കാറില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മറുപടി നൽകി. ഭീകരവാദത്തെ വ്യവസായമായി കൊണ്ടുനടക്കുന്ന പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രി ഭീകരതയുടെ വക്താവും, പ്രായോജകനും, ഗുണഭോക്താവുമാണെന്നും അദ്ദേഹത്തിൻറെ നിലപാട് അപഹാസ്യമാണെന്നും ജയശങ്കർ പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്, ഭീകരവാദത്തെ ഒരുമിച്ച് നേരിടാമെന്നൂമായിരുന്നു ഭൂട്ടോയുടെ പരാമർശം.