കാട്ടുതീ പടരുന്നു ; ആൽബർട്ടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

By: 600007 On: May 7, 2023, 1:20 AM

നിയന്ത്രണാതീതമായ കാട്ടുതീ മൂലം പതിനായിരക്കണക്കിന് ഹെക്ടർ കത്തിനശിച്ചതിനെ തുടർന്ന് ആൽബെർട്ടയിലെ പ്രവിശ്യാ സർക്കാർ ശനിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  പ്രവിശ്യയുടെ നിലവിലെ സാഹചര്യവും ഗവണ്മെന്റിന്റെ പ്രതികരണ ഓപ്ഷനുകളും അവലോകനം ചെയ്ത ശേഷം, ആൽബർട്ടയിൽ താമസിക്കുന്നവരുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രവിശ്യയിലെ എമർജൻസി മാനേജ്‌മെന്റ് കാബിനറ്റ് കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. അടിയന്തര ഫണ്ടിനുള്ള ഓപ്ഷൻ നൽകുന്നതിനും ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്ട്മെന്റുമായുള്ള മികച്ച ഏകോപനം നൽകുവാനും അടിയന്തരാവസ്ഥ പ്രഖ്യാപനം സർക്കാരിനെ സഹായിക്കുമെന്ന് പ്രീമിയർ സ്മിത്തും പബ്ലിക് സേഫ്റ്റി, എമർജൻസി സർവീസ് മന്ത്രി മൈക്ക് എല്ലിസും പറഞ്ഞു. 

ശനിയാഴ്ച് വൈകിട്ട് വരെ 110 പ്രദേശങ്ങളിൽ കാട്ടുതീ പടർന്നതായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയിൽ  37 എണ്ണം നിയന്ത്രണാതീതമായി കണക്കാക്കപ്പെടുന്നു. കാട്ടുതീ മൂലം ഏകദേശം 24,000 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. പ്രവിശ്യയിൽ ഏകദേശം 122,000 ഹെക്ടർ ഭൂമിയാണ് ഇപ്പോൾ കാട്ടുതീ മൂലം കത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകളനുസരിച്ച്  പ്രവിശ്യയിൽ കാട്ടുതീ, 800 ഹെക്ടറിന് മുകളിലേക്ക് പോയിട്ടില്ലായെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാനഡയുടെ പൊതുസുരക്ഷാ മന്ത്രി ബിൽ ബ്ലെയറുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമുണ്ടെങ്കിൽ ഫെഡറൽ ഗവൺമെന്റിന്റെ സഹായം സ്വീകരിക്കുമെന്നും പ്രീമിയറും പബ്ലിക് സേഫ്റ്റി, എമർജൻസി സർവീസ് മന്ത്രിയും അറിയിച്ചു.