വിജയ പ്രതീക്ഷ നിലനിർത്തി കെൻ മാത്യു, മാത്യു വൈരമൺ, പി സി മാത്യു, മനു ഡാനി എന്നിവർ ശനിയാഴ്ച അവസാനദിന വോട്ടിങ്ങിനു കൈകോർക്കുന്നു.

By: 600084 On: May 6, 2023, 4:40 PM

പി പി ചെറിയാൻ, ഡാളസ്.

ടെക്സാസ് : ടെക്സസ്സിൽ ഒരാഴ്ചയിലധികം നീണ്ടു നിന്ന ഏർളി വോട്ടിങ്ങിനു ശേഷം അവസാന ദിനമായ ശനിയാഴ്ച മാർച്ച് 6 നു വോട്ടിങ്ങിനായി വോട്ടർമാർ പൊളി ബൂത്തിലേക്ക് നീങ്ങുബോൾ മലയാളികളായ ഹൂസ്റ്റനിലെ സ്റ്റാഫോർഡ് സിറ്റി മേയർ സ്ഥാനാർഥി കെൻ മാത്യു, അതേ സിറ്റി കൗൺസിൽ സ്ഥാനാർഥിയായ ഡോ മാത്യു വൈരമൺ, ഗാർലാൻഡ് സിറ്റി കൗൺസിൽ സ്ഥാനാർഥിയായ പി സി മാത്യു, സണ്ണിവെയ്ൽ സിറ്റി കൗൺസിൽ സ്ഥാനാർഥിയായ ഡോ മനു ഡാനി എന്നിവർ വിജയ പ്രതീക്ഷ നിലനിർത്തുന്നു.

ഏർളി വോട്ടിങ്ങിൽ കനത്ത പോളിംഗ് നടന്നത് മലയാളി സ്ഥാനാർഥികൾക്ക് അനുകൂലമാണെന്നാണ് കണക്കു കൂട്ടുന്നത്. അപൂർവമായി മാത്രം മത്സരരംഗത്തേക്കു കടന്നുവരുന്ന മലയാളികളായ സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് സ്വദേശികളായവർക്കൊപ്പം ഇന്ത്യൻ, പ്രതേയ്കിച്ചു മലയാളി സമൂഹവും സജീവമായി രംഗത്തുണ്ട്.

നാലുപേരും കടുത്ത മത്സരമാണ് നേരിടുന്നതെങ്കിലും വിജയിപ്പിക്കുവാൻ കഴിയുമെന്നാണ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഡോ മാത്യു വൈരമൺ, ഡോ മനു ഡാനി എന്നിവർ ആദ്യമായാണ് മത്സരിക്കുന്നത്. ഇന്ന് (ശനിയാഴ്ച) രാവിലെ 7 മുതൽ രാത്രി 7 വരെ നടക്കുന്ന അവസാന ദിനവോട്ടിങ്ങിൽ ഇതുവരെ വോട്ടു ചെയാത്തവർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു നാലുപേരുടെയും വിജയം സുനിശ്ചിതമാക്കണമെന്നു പ്രമുഖ മലയാളി സംഘടനാ നേതാക്കന്മാരും, സാമൂഹ്യ സംസ്കാരിക പ്രവർത്തകരും സംയുക്തതമായി അഭ്യർത്ഥിച്ചിട്ടുണ്ട്.