ജൂലൈ മുതല്‍ ഗ്രോസറി റിബേറ്റ് പേയ്‌മെന്റുകള്‍ വിതരണം ചെയ്യുമെന്ന് സിആര്‍എ 

By: 600002 On: May 6, 2023, 10:45 AM

 

ഫെഡറല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഗ്രോസറി റിബേറ്റ് പേയ്‌മെന്റുകള്‍ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ഫിനാന്‍സ് മിനിസ്റ്ററുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് അറിയിച്ചു. ഇത് സംബന്ധിച്ച ബില്‍ അടുത്ത ആഴ്ച പാസാകുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അര്‍ഹരായ പൗരന്മാര്‍ക്ക്  ജൂലൈ മുതല്‍ മാത്രമേ ഗ്രോസറി റിബേറ്റ് വിതരണം ചെയ്യുകയുള്ളൂവെന്ന് കാനഡ റെവന്യു ഏജന്‍സി പറഞ്ഞു. മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത അടുത്ത ത്രൈമാസ  ജിഎസ്ടി/എച്ച്എസ്ടി ക്രെഡിറ്റ് പേയ്‌മെന്റുകള്‍ക്ക് അനുസൃതമായി എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഭക്ഷ്യ-പണപ്പെരുപ്പ കേന്ദ്രീകൃത ആനുകൂല്യം ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി സിആര്‍എ സ്ഥിരീകരിച്ചു. നിര്‍ദ്ദിഷ്ട നിയമനിര്‍മാണം നടപ്പിലാക്കുന്നതോടെ ജൂലൈ 5 മുതല്‍ ഗ്രോസറി റിബേറ്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി സിആര്‍എ വക്താവ് സില്‍വി ബ്രാഞ്ച് പറഞ്ഞു. 

ഏപ്രിലില്‍ ബില്‍ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. പക്ഷേ, പാര്‍ലമെന്റിന്റെ അന്തിമ അംഗീകാരം ലഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഈ ഫെഡറല്‍ ധനസഹായം ലഭിക്കാന്‍ കാത്തിരിക്കുന്നവര്‍ രണ്ട് മാസം കൂടി കാത്തിരിക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. ബില്‍ പാസാകുന്നതോടെ, രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് 467 ഡോളര്‍ വരെ പേയ്‌മെന്റ് ലഭിക്കും. അതേസമയം, പ്രായമായവര്‍ക്ക് 225 ഡോളറും അര്‍ഹരായ അവിവാഹിതര്‍ക്ക് 234 ഡോളറും ലഭിക്കും.