കാനഡയില്‍ റെഡ് ഡ്രസ് ഡേ വിപുലമായി ആഘോഷിച്ചു. രാജ്യത്തുടനീളം ചുവന്ന വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കാണാതാകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന തദ്ദേശീയരായ സ്ത്രീകള്‍, പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ക്കായുള്ള നാഷണല്‍ ഡേ ഓഫ് അവയര്‍നെസ്സാണ് റെഡ് ഡ്രസ് ഡേ ആയി ആചരിക്കുന്നത്.
കാണാതായതും കൊല്ലപ്പെട്ടതുമായ തദ്ദേശീയരായ സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്ന് ഏകദേശം നാല് വര്‍ഷത്തിന് ശേഷം അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാണെന്ന് കാനഡ നേറ്റീവ് വിമന്‍സ് അസോസിയേഷന്‍ മേധാവി കരോള്‍ മക്‌ബ്രൈഡ് പറഞ്ഞു.
ബോധവല്‍ക്കരണങ്ങള്‍ വര്‍ധിക്കുകയും ദേശീയതലത്തില്‍ അന്വേഷണം കാര്യക്ഷമമാവുകയും ചെയ്തിട്ടുണ്ടെങ്കിലും തദ്ദേശീയരായ പെണ്‍കുട്ടികളും സ്ത്രീകളും അഭിമുഖീകരിക്കുന്ന സാഹചര്യം ഇന്നും മാറിയിട്ടില്ലെന്ന് മക്‌ബ്രൈഡ് പറയുന്നു.
രാജ്യത്തുടനീളം വിവിധ കലാപരിപാടികളും ബോധവല്‍ക്കരണ ക്ലാസുകളും നടത്തി. മാനിറ്റോബയുടെ തലസ്ഥാനത്ത് ലാന്‍ഡ്ഫില്ലിന് പുറത്ത് ഒരു ചെയിന്‍-ലിങ്ക് ഫെന്‍സില്‍ ഒരു സംഘം 101 ചുവന്ന വസ്ത്രങ്ങള്‍ തൂക്കിയിട്ടുണ്ട്. സ്ത്രീകളും പെണ്‍കുട്ടികളും ചുവന്ന വസ്ത്രങ്ങള്‍ ധരിച്ചു.