ആല്‍ബെര്‍ട്ടയില്‍ കാട്ടുതീ പടരുന്നു; 20,000 പേരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു 

By: 600002 On: May 6, 2023, 9:56 AM

 

ആല്‍ബെര്‍ട്ടയിലെ നിരവധി കമ്മ്യൂണിറ്റകളിലുണ്ടായ കാട്ടുതീ അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ 20,000 ത്തോളം പേരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രി വരെ, 92 സജീവ കാട്ടുതീകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 31 എണ്ണം നിയന്ത്രണാതീതമായതായി ആല്‍ബെര്‍ട്ട വൈല്‍ഡ് ഫയര്‍ അറിയിച്ചു. ഫോക്‌സ് ലേക്ക്, റെയിന്‍ബോ ലേക്ക്, ഇവാന്‍സ്ബര്‍ഗ് എന്നിവടങ്ങളിലാണ് പ്രധാനമായും കാട്ടുതീ പടരുന്നതെന്ന് ആല്‍ബെര്‍ട്ട വൈല്‍ഡ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് മാനേജര്‍ ക്രിസ്റ്റി ടക്കര്‍ പറഞ്ഞു. 

സമീപകാലത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനവാണ് കാട്ടുതീ പടരുന്നതിലുണ്ടായിരിക്കുന്നതെന്നും ഈ വര്‍ഷം 348 ഓളം തീപിടുത്തങ്ങളുണ്ടായിട്ടുണ്ടെന്നും ടക്കര്‍ പറയുന്നു. മിക്കവാറും എല്ലാ കാട്ടുതീയും സീസണിന്റെ തുടക്കത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തികള്‍ മൂലമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

റെയിന്‍ബോ ലേക്ക് പ്രദേശത്തെ കാട്ടുതീ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നില്ലെങ്കിലും ഡ്രെയ്ടണ്‍ വാലി, ഫോക്‌സ് ലേക്ക് എന്നീ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. കാട്ടുതീ ശക്തമായതോടെ 13,000ത്തിലധികം ആളുകളെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കാട്ടുതീ നിയന്ത്രണാതീതമായ ആല്‍ബെര്‍ട്ടയ്ക്ക് എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. ആല്‍ബെര്‍ട്ടയില്‍ നിന്നുള്ള വിവരങ്ങളും റിപ്പോര്‍ട്ടുകളും തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങള്‍ പ്രാദേശിക ഉദ്യോഗസ്ഥരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് എമര്‍ജന്‍സി പ്രിപ്പയര്‍ഡ്‌നസ്സ് മിനിസ്റ്റര്‍ ബില്‍ ബ്ലെയറിന്റെ ഓഫീസ് പ്രസാതവനയില്‍ അറിയിച്ചു. ആല്‍ബെര്‍ട്ട ഗവണ്‍മെന്റില്‍ നിന്നും സഹായത്തിനുള്ള അഭ്യര്‍ത്ഥന ഫെഡറല്‍ സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും എന്തെങ്കിലും സഹായമോ അത്യാവശ്യങ്ങളോ ഉണ്ടായാല്‍ എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി വ്യക്തമാക്കി.