കാല്‍ഗറിയില്‍ എമര്‍ജന്‍സി റൂമില്‍ കാത്തിരിപ്പ് സമയം 15 മണിക്കൂറിലധികം: രോഗികള്‍ പ്രതിസന്ധിയില്‍

By: 600002 On: May 6, 2023, 8:34 AM

 

കാല്‍ഗറിയില്‍ എമര്‍ജന്‍സി റൂം കാത്തിരിപ്പ് സമയം വീണ്ടും വര്‍ധിക്കുന്നു. ബുധനാഴ്ച രാത്രി മാത്രം 15 മണിക്കൂറോളമാണ് രോഗികള്‍ക്ക് എമര്‍ജന്‍സി റൂമുകളില്‍ കാത്തിരിക്കേണ്ടി വന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സയന്‍സസില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച്, കാത്തിരിപ്പ് സമയം ആല്‍ബെര്‍ട്ട ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 14.5 മണിക്കൂറും, സൗത്ത് ഹെല്‍ത്ത് ക്യാമ്പസില്‍ 14.82 മണിക്കൂറുമായി വര്‍ധിച്ചു. കാല്‍ഗറിയിലെ മറ്റ് ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആശുപത്രികളിലെ ശരാശരി കാത്തിരിപ്പ് സമയം കഴിഞ്ഞ മാസം മുതല്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 

കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹെല്‍ത്ത് കെയര്‍ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി എമര്‍ജന്‍സി റൂം കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഏപ്രില്‍ അവസാനം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 

അതേസമയം, അത്യാഹിത വിഭാഗങ്ങളില്‍ രോഗികള്‍ക്ക് വേഗത്തില്‍ പരിചരണം ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുക വഴി ആല്‍ബെര്‍ട്ട തൊഴില്‍ശക്തി വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. 

വിന്റര്‍ സീസണിലാണ് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് സമയം വര്‍ധിച്ചത്. കോവിഡ്, ആര്‍എസ്‌വി, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വര്‍ധിച്ചതോടെയാണ് ആശുപത്രികളില്‍ കാത്തിരിപ്പ് സമയം വര്‍ധിച്ചത്. ആല്‍ബെര്‍ട്ട ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ കാത്തിരിപ്പ് സമയം ഏകദേശം 17 മണിക്കൂറായി ഉയര്‍ന്നതായി പ്രവിശ്യ പറയുന്നു.