ഷോപ്പിഫൈ 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട് 

By: 600002 On: May 5, 2023, 10:18 AM

 

ഇ-കൊമേഴ്‌സ് കമ്പനിയായ ഷോപ്പിഫൈ ഏകദേശം 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ലോജിസ്റ്റിക് ബിസിനസ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കമ്പനിയായ ഫ്‌ളെക്‌സ്‌പോര്‍ട്ടിന് വില്‍ക്കുമെന്നും ഷോപ്പിഫൈ ചീഫ് എക്‌സിക്യുട്ടീവ് ടോബി ലുട്ട്‌കെ അറിയിച്ചു. പിരിച്ചുവിടാന്‍ പോകുന്ന ജീവനക്കാര്‍ക്ക് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കമ്പനിയില്‍ 11,600 ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ പിരിച്ചുവിടല്‍ 2,300 ല്‍ അധികം ജീവനക്കാരെ ബാധിക്കുമെന്നാണ് സൂചന. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെലവ് കുറയ്ക്കുമ്പോള്‍ വെട്ടിക്കുറയ്ക്കല്‍ ചെലവായി ഏകദേശം 150 മില്യണ്‍ യുഎസ് ഡോളര്‍ ചെലവ് വരുമെന്ന് കമ്പനി പറയുന്നു. 

കമ്പനിയെ കൂടുതല്‍ വളര്‍ച്ചയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോപ്പിഫൈ ലോജിസ്റ്റിക്‌സ്, ഫ്‌ളെക്‌സ്‌പോര്‍ട്ടിന് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ലുട്ട്‌കെ പറഞ്ഞു. വില്‍പ്പന കരാര്‍ പ്രകാരം ഫ്‌ളെക്‌സ്‌പോര്‍ട്ടിലെ 13 ശതമാനം ഓഹരിയും ഫ്‌ളെക്‌സ്‌പോര്‍ട്ട് ബോര്‍ഡിലേക്ക് ഒരു ഡയറക്ടറെ നിയമിക്കാനും സാധിക്കുമെന്ന് ലുട്ട്‌കെ വ്യക്തമാക്കി.