താല്‍ക്കാലിക കരാറിലെത്തി: കാനഡ റെവന്യു ഏജന്‍സി ജീവനക്കാര്‍ പണിമുടക്ക് അവസാനിപ്പിച്ചു 

By: 600002 On: May 5, 2023, 8:28 AM

 

ഫെഡറല്‍ സര്‍ക്കാരുമായി താല്‍ക്കാലിക കരാറിലെത്തിയതിനെ തുടര്‍ന്ന് കാനഡ റെവന്യു ഏജന്‍സി ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് അവസാനിച്ചു. പണിമുടക്ക് പിന്‍വലിച്ചതിന് പിന്നാലെ ജീവനക്കാരോട് ജോലിയില്‍ പ്രവേശിക്കാന്‍ സിആര്‍എ ജീവനക്കാരെ പ്രതിനിധികരിക്കുന്ന യൂണിയന്‍ ഓഫ് ടാക്‌സേഷന്‍ എംപ്ലോയീസ് അറിയിച്ചു. 35,000ത്തോളം വരുന്ന ജീവനക്കാരാണ് പണിമുടക്ക് തുടര്‍ന്നത്. ടാക്‌സ് ഫയലിംഗ് സമയപരിധി കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷവും പിഎസ്എസിയുടെ യൂണിയന്‍ ഓഫ് ടാക്‌സേഷന്‍ എംപ്ലോയീസ് പണിമുടക്ക് തുടര്‍ന്നതോടെയാണ് പുതിയ കരാറിലെത്തിയത്. 

12.6 ശതമാനം വേതന വര്‍ധനയും വര്‍ധിച്ചു വരുന്ന പണപ്പെരുപ്പത്തില്‍ നിന്നും ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും ഈ താല്‍ക്കാലിക ഇടപാടില്‍ ഉള്‍പ്പെടുന്നുവെന്നും പിഎസ്എസി പറഞ്ഞു. താല്‍ക്കാലിക കരാറില്‍ ശരാശരി അംഗത്തിന് ശമ്പളത്തിന്റെ 3.6 ശതമാനം പെന്‍ഷന്‍ അധികമായി ലഭിക്കാവുന്ന 2,500 ഡോളര്‍ ഒറ്റത്തവണ ലാപ്‌സം പേയ്‌മെന്റും ഉള്‍പ്പെടുന്നു. 

കരാറിലെത്തിയില്ലെങ്കില്‍ ഓട്ടവയില്‍ നടക്കുന്ന ലിബറല്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍ തടസ്സപ്പെടുത്തുമെന്ന് യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് യൂണിയന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് താല്‍ക്കാലിക കരാറിലെത്താന്‍ കഴിഞ്ഞത്.