ആല്‍ബെര്‍ട്ടയിലുടനീളം നിരവധി കമ്മ്യൂണിറ്റികളില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നതായി ആല്‍ബെര്‍ട്ട എമര്‍ജന്‍സി മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കി. കാട്ടുതീ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ലാക് സെന്റ് ആന്‍ കൗണ്ടി, ബീവര്‍ ലേക്ക് ക്രീ നേഷന്‍, റെയിന്‍ബോ ലേക്ക്, ബ്രസോ കൗണ്ടി എന്നിവടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ലിറ്റില്‍ റെഡ് റിവര്‍ ക്രീ നേഷന്‍ ബാന്‍ഡ് കൗണ്‍സില്‍ പ്രമേയം പാസാക്കുകയും ചെയ്തു. കാട്ടുതീ പടരുന്ന പ്രദേശങ്ങളില്‍ നിന്ന് ഏകദേശം 3,726 പേരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഹൈവേ 795, ടൗണ്‍ഷിപ്പ് റോഡ് 433 എന്നിവയ്ക്ക് സമീപമുള്ള പോണോക പട്ടണത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയായി തീ ആളിപ്പടരുകയാണെന്ന് ആല്‍ബെര്‍ട്ട എമര്‍ജന്‍സി മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കി. ഇവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കൂടാതെ പ്രധാനപ്പെട്ട രേഖകളും മരുന്നുകളും കൈവശം കരുതണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഡ്രെയ്ടണ്‍ വാലിയിലെ തീ നിയന്ത്രണാതീതമായതിനാല്‍ മുന്നറിയിപ്പ് നല്‍കി. ടൗണ്‍ഷിപ്പ് റോഡ് 482 ന് വടക്ക്, ഹൈവേ 39 ന് തെക്ക്, റേഞ്ച് റോഡ് 64 ന് പടിഞ്ഞാറ്, ഹൈവേ 22 ന് കിഴക്ക് എന്നിവടങ്ങളില്‍ താമസിക്കുന്നവരോട് ഉടന്‍ തന്നെ ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാട്ടുതീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.