ടൊറന്റോയില്‍ നിന്ന് മോണ്‍ട്രിയലിലേക്ക് ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വീസുകള്‍ വാഗ്ദാനം ചെയ്ത് മെഗാബസ് 

By: 600002 On: May 4, 2023, 11:21 AM

 

കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുന്ന മെഗാബസ് സമ്മര്‍ ടൂറിസ്റ്റ് സീസണിന് മുന്നോടിയായി സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതായി അറിയിച്ചു. ടൊറന്റോയില്‍ നിന്ന് കിംഗ്‌സ്റ്റണിലേക്കും മോണ്‍ട്രിയലിലേക്കും പകല്‍സമയങ്ങളില്‍ മണിക്കൂറുകള്‍ ഇടവിട്ട് ട്രിപ്പുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടെ പ്രതിദിനം 16 ഡെയ്‌ലി ഡിപ്പാര്‍ച്ചര്‍ വരെ മെഗാബസിനുണ്ടാകും. കൂടാതെ മോണ്‍ട്രിയല്‍, കിംഗ്ടണ്‍ എന്നിവടങ്ങളില്‍ നിന്ന് ടൊറന്റോയിലേക്ക് നടത്തുന്ന എല്ലാ സര്‍വീസുകളും യൂണിയന്‍ സ്‌റ്റേഷന്‍ സ്റ്റോപ്പില്‍ നിര്‍ത്തിയതിന് ശേഷം പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് റൂട്ട് നീട്ടുമെന്ന് കമ്പനി അറിയിച്ചു. 

കമ്പനിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്, ടൊറന്റോയ്ക്കും മോണ്‍ട്രിയലിനും ഇടയിലുള്ള യാത്രകള്‍ക്ക് 50 ഡോളര്‍ മുതല്‍ 70 ഡോളര്‍ വരെയാണ് ടിക്കറ്റ് നിരക്ക്. അതേസമയം, ടൊറന്റോയ്ക്കും കിംഗ്‌സ്റ്റണിനും ഇടയിലുള്ള മിക്ക യാത്രകള്‍ക്കും 40 നും 50 ഡോളറിനും ഇടയിലാണ് നിരക്ക്. 

ടൊറന്റോ മുതല്‍ നയാഗ്ര ഫാള്‍സ് വരെയുള്ള ബസുകള്‍ ഇപ്പോള്‍ ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ 5.45 മുതല്‍ രാത്രി 10.45 വരെ സര്‍വീസ് നടത്തും. ടൊറന്റോ, ലണ്ടന്‍, വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലേക്ക് അധിക യാത്രകളും മെഗാബസ് വാഗ്ദാനം ചെയ്യുന്നുണ്ട്.