ബാന്‍ഫ് പട്ടണത്തിന് സമീപമുണ്ടായ തീപിടുത്തം നിയന്ത്രണാതീതമായതായി പാര്‍ക്ക്സ് കാനഡ. ബുധനാഴ്ച ഉച്ചകഴിഞ്ഞ കോമ്പൗണ്ട് മെഡോസിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് ബാന്‍ഫ് അവന്യൂവിന്റെ കിഴക്ക് ഭാഗത്ത് മൗണ്ടന്‍വ്യൂ സെമിത്തേരിയിലേക്കും സമീപത്തെ ഹോഴ്സ് കോറലുകളിലേക്കും പടര്‍ന്നു. കോറലുകളില്‍ 10 കുതിരകള്‍ ഉണ്ടായിരുന്നു. ബാന്‍ഫ് ലൈറ്റ് ഹോഴ്സ് അസോസിയേഷന് അംഗങ്ങള്‍ ഉടന്‍ തന്നെ ട്രെയിലറുകളില്‍ മൃഗങ്ങളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പെട്ടെന്നാണ് തീ പടര്‍ന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു.
നാല് ഷെഡുകള്‍ അഗ്നിക്കിരയായി പൂര്‍ണമായും കത്തിനശിച്ചു. ബാന്‍ഫ് അവന്യൂവിനും ട്രാന്‍സ്-കാനഡ ഹൈവേ ഇന്റര്‍ചേഞ്ചിനും സമീപമുണ്ടായ തീ അണയ്ക്കാന്‍ അഞ്ച് ഹെലികോപ്റ്ററുകളുള്‍പ്പെടെ ശ്രമിക്കുകയാണെന്ന് പാര്‍ക്ക്സ് കാനഡ അധികൃതര്‍ അറിയിച്ചു.
തീ പിടുത്തത്തിനെ തുടര്‍ന്ന് ഇന്റര്‍ചേഞ്ചും ബാന്‍ഫ് ലെഗസി ട്രയലും അടച്ചിട്ടു. മുന്‍കരുതലിന്റെ ഭാഗമായി റോക്കി മൗണ്ടെയ്ന് റിസോര്‍ട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.