വിമാനങ്ങള്‍ക്കുള്ളിലിരുന്ന് ഉടന്‍ സൗജന്യ സന്ദേശമയയ്ക്കാം; എയര്‍ കാനഡയും ബെല്ലും കൈകോര്‍ക്കുന്നു 

By: 600002 On: May 4, 2023, 10:05 AM

 

ലോകമെമ്പാടുമുള്ള എല്ലാ എയ്‌റോപ്ലാന്‍ അംഗങ്ങള്‍ക്കും വൈഫൈ സജ്ജീകരിച്ച വിമാനങ്ങളില്‍ സൗജന്യ സന്ദേശമയക്കാന്‍ സാധിക്കുന്ന പദ്ധതി ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ കാനഡ. ഇതിനായി കനേഡിയന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ബെല്ലുമായി(Bell Canada) പങ്കാളിത്തത്തിലേര്‍പ്പെടുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 15 മുതല്‍ എയര്‍ കാനഡ റൂജ്, എയര്‍ കാനഡ എക്‌സ്പ്രസ് വിമാനങ്ങള്‍ ഉള്‍പ്പെടെ എയര്‍ ലൈനിന്റെ ഫ്‌ളീറ്റിലുടനീളം വൈഫൈ സേവനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 

ആപ്പിളിന്റെ iMessage, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസ്സെഞ്ചര്‍, വൈബര്‍ തുടങ്ങിയ ആപ്പുകളില്‍ സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും ഈ പങ്കാളിത്തം വഴി യാത്രക്കാരെ അനുവദിക്കും. വൈഫൈ സപ്പോര്‍ട്ടുള്ള മൊബൈല്‍ കാരിയര്‍ ഏത് തന്നെയായാലും ഏതൊരു  എയ്‌റോപ്ലാന്‍ അംഗത്തിനും മെസ്സേജുകള്‍ അയക്കാന്‍ ആക്‌സസ് ഉണ്ടാകുമെന്ന് ബെല്‍ കമ്പനി വ്യക്തമാക്കി. 

കൂടാതെ, യുണൈറ്റഡ് മൈലേജ്പ്ലസ്, ലുഫ്താന്‍സ ഗ്രൂപ്പ് മൈല്‍സ് ആന്‍ഡ് മോര്‍, എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് എന്നിവയുടെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ള സ്ട്രാറ്റജിക് പാര്‍ട്ണര്‍ എയര്‍ലൈന്‍ ലോയല്‍റ്റി അംഗങ്ങള്‍ക്കും അവരുടെ അക്കൗണ്ട് നമ്പറുകള്‍ എയര്‍ കാനഡ ബുക്കിംഗുമായി ബന്ധപ്പെടുത്തുമ്പോള്‍ ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. തിരഞ്ഞെടുത്ത ഫ്‌ളൈറ്റുകളില്‍ കാനഡയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററി മൊബൈല്‍ സിം കാര്‍ഡുകളും ബെല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.