ആദ്യമായി മുതിര്‍ന്നവര്‍ക്കുള്ള ആര്‍എസ്‌വി വാക്‌സിന് യുഎസില്‍ അംഗീകാരം നല്‍കി 

By: 600002 On: May 4, 2023, 8:43 AM


ആര്‍എസ്‌വി(റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്) രോഗബാധയെ ചെറുക്കുന്നതിനുള്ള ആദ്യത്തെ വാക്‌സിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി. ഗ്ലോക്‌സോസ്മിത്ത്‌ക്ലൈന്‍(GlaxoSmithKline)  വികസിപ്പിച്ച പുതിയ വാക്‌സിന്‍ Arexvy, 60 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ക്കായാണ് അംഗീകരിച്ചിരിക്കുന്നത്. ട്രയല്‍ ഡാറ്റ അനുസരിച്ച്, ആര്‍എസ്‌വി മൂലമുണ്ടാകുന്ന ശ്വാസകോശ ലഘുരോഗങ്ങള്‍ തടയുന്നതിന് ഈ വാക്‌സിന്‍ 82 ശതമാനം ഫലപ്രദമാണ്. കുറഞ്ഞത് ഒരു മെഡിക്കല്‍ അവസ്ഥയെങ്കിലും ഉള്ളവരില്‍ ഇത് 94 ശതമാനം ഫലപ്രദമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

ഫെബ്രുവരിയില്‍ നടന്ന ഒരു എഫ്ഡിഎ ഉപദേശക സമിതി മീറ്റിംഗില്‍, ജിഎസ്‌കെ ഗവേഷകര്‍ വാക്‌സിന് ശേഷമുള്ള ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സിന്റെ ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്കിലും മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പറഞ്ഞാണ് പാനല്‍ അംഗങ്ങള്‍ വാക്‌സിന്‍ ശുപാര്‍ശയ്ക്കായി വോട്ട് ചെയ്തത്. 

രണ്ട് വയസ്സില്‍ താഴെയുള്ള മിക്കവാറും എല്ലാവരേയും ബാധിക്കുകയും സാധാരണയായി ജലദോഷ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന രോഗമാണ് ആര്‍എസ്‌വി. എന്നാല്‍ നവജാതശിശുക്കള്‍ക്കും ചെറിയ കുട്ടികള്‍ക്കും രോഗം സാരമായി ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നു.