എഡ്മന്റണില്‍ കനത്ത ചൂട്: താപനില റെക്കോര്‍ഡിട്ടു; തീപിടുത്ത സാധ്യതാ മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: May 4, 2023, 8:17 AM

 

സീസണില്‍ സാധാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കനത്ത ചൂടാണ് എഡ്മന്റണില്‍ അനുഭവപ്പെടുന്നതെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 30, 31 ഡിഗ്രി സെഷ്യല്‍സാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. ഇത് ഈ വര്‍ഷത്തെ ഏറ്റവും കൂടിയ താപനിലയാണ്. ഇതേതുടര്‍ന്ന് എഡ്മന്റണിലും ചുറ്റുമുള്ള പ്രദേശങ്ങളിലും നോര്‍ത്ത്ഈസ്‌റ്റേണ്‍ ആല്‍ബെര്‍ട്ടയിലും എണ്‍വയോണ്‍മെന്റ് കാനഡ ഹീറ്റ് മുന്നറിയിപ്പ് നല്‍കി. 2016 ല്‍ 31 ഡിഗ്രി സെഷ്യല്‍സാണ് രേഖപ്പെടുത്തിയിരുന്നത്. ഇത്തവണ താപനില റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പറഞ്ഞു. 

ചൂട് കൂടുന്ന സാഹചര്യത്തില്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുന:ക്രമീകരിക്കണമെന്നും തൊഴിലാളികള്‍ അടക്കമുള്ളവര്‍ ചൂടില്‍ ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കാനും എണ്‍വയോണ്‍മെന്റ് കാനഡ നിര്‍ദ്ദേശിക്കുന്നു. മദ്യം ഉള്‍പ്പെടെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. കഫീന്‍ അടങ്ങിയ പാനീയങ്ങളും കുടിക്കരുത്. വെള്ളം ധാരാളമായി കുടിക്കാനും നിര്‍ദ്ദേശം നല്‍കുന്നു. കനത്ത വെയിലില്‍ സെന്‍ട്രല്‍ ആല്‍ബെര്‍ട്ടയില്‍ പുല്ലും കുറ്റിക്കാടുകളും ഉണങ്ങുന്നത് തീപിടുത്ത സാധ്യത വര്‍ധിപ്പിക്കുമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി.