വാതക ചോർച്ച ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ

By: 600021 On: May 3, 2023, 3:53 PM

ലുധിയാനയിലെ ഗിയാസ് പുരയിലെ ഗോയൽ മിൽക്ക് പ്ലാന്റിൽ വാതകം ചോർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. 20 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക. പഞ്ചാബ് സർക്കാർ മുൻപേ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ട്രിബൂണൽ സ്വമേധയാ എടുത്ത കേസിൽ 8 അംഗ വസ്തുത അന്വേഷണ സമിതിയെയും നിയോഗിച്ചു. 300 മീറ്റർ ചുറ്റളവിൽ വാതകം പടർന്ന് കുട്ടികൾ ഉൾപ്പെടെ 11 ഓളം പേർ മരിച്ചു വീണിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘമാണ് രക്ഷാദൗത്യം നടത്തിയത്. മാൻ ഹോളിലെ മീഥേനുമായി ഫാക്ടറിയിലെ രാസവസ്തു കലർന്നതാവാം അപകടകാരണം എന്നാണ് വിലയിരുത്തൽ. അപകടത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി ബൽബിർ സിംഗ് അറിയിച്ചിരുന്നു. വായുവിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ സൾഫൈഡ് അംശം കണ്ടെത്തിയിട്ടുണ്ട്.